കൊച്ചി: ടൈറ്റന്‍ കമ്പനിയിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം വാച്ച് റീട്ടെയിലറായ ഹീലിയോസ് സ്വിസ് ആഡംബര വാച്ച് ബ്രാൻഡായ ചാരിയോളിനെ ഇന്ത്യൻ വിപണിയിലെത്തിക്കുന്നു. കുറ്റമറ്റ കരകൗശല നൈപുണ്യത്തിനും പുരാതന കെൽറ്റിക് കലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പൈതൃകത്തിനും പേരുകേട്ടതാണ് ചാരിയോള്‍. ഹീലിയോസിന്‍റെ നാൽപ്പതിലധികം വരുന്ന ആഗോള ബ്രാൻഡുകളുടെ ശേഖരത്തിന്‍റെ ഭാഗമാകും ഇനിമുതൽ ചാരിയോള്‍.
ശ്രദ്ധാപൂര്‍വ്വം അവതരിപ്പിക്കുന്ന തങ്ങളുടെ ശേഖരത്തിലേക്ക് ചാരിയോളിനെ ഉള്‍പ്പെടുത്തുന്നതില്‍ വലിയ ആഹ്ളാദമുണ്ടെന്നും പ്രീമിയം വിഭാഗത്തില്‍ തന്ത്രപരമായ വികസനമാണ് ഇതെന്നും ടൈറ്റന്‍ കമ്പനി വാച്ചസ് ആന്‍റ് വെയറബിള്‍സ് സിഇഒ സുപര്‍ണ മിത്ര പറഞ്ഞു. അന്താരാഷ്ട്ര വാച്ച് ശേഖരങ്ങളുടെ വിപുലീകരണം തങ്ങള്‍ തുടരുകയാണ്. 2024-25 വര്‍ഷത്തില്‍ തങ്ങളുടെ വളര്‍ച്ച 35 ശതമാനമാക്കാന്‍ ഉദ്ദേശിക്കുന്നു. സ്വിസ് പാരമ്പര്യവും കരവിരുതും ആധുനീക സാങ്കേതികവിദ്യയോടു തോള്‍ ചേര്‍ത്ത് എത്തുന്ന ചാരിയോള്‍ വാച്ചുകള്‍ തങ്ങളുടെ ഉപഭോക്താക്കളുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള ഉത്പന്നമാണ്. ഈ പങ്കാളിത്തം തങ്ങളുടെ ശേഖരത്തെ കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം ലോകത്തെങ്ങും നിന്നുള്ള പ്രീമിയം വാച്ചുകളുമായി പ്രിയപ്പെട്ട കേന്ദ്രമെന്ന ഹെലിയോസിന്‍റെ സ്ഥാനം അരക്കിട്ടുറപ്പിക്കുക കൂടി ചെയ്യുമെന്നും സുപര്‍ണ മിത്ര കൂട്ടിച്ചേര്‍ത്തു.
വന്‍ സാധ്യകളുള്ളതും കരവിരുതിനോട് ശക്തമായ അഭിനിവേശം ഉള്ളതുമായ ഇന്ത്യന്‍ വിപണിയിലേക്ക് ചാരിയോള്‍ എത്തിക്കുന്നതില്‍ തങ്ങള്‍ക്ക് ഏറെ ആഹ്ളാദമുണ്ടെന്ന് ചാരിയോള്‍ സിഇഒയും ക്രിയേറ്റീവ് ഡയറക്ടറുമായ കൊറാലി ചാരിയോള്‍ പറഞ്ഞു. ടൈറ്റന്‍ കമ്പനിയില്‍ നിന്നുള്ള ഹീലിയോസുമായുള്ള തന്ത്രപരമായ സഹകരണം തങ്ങള്‍ ലക്ഷ്യമിടുന്ന വിഭാഗത്തിലേക്ക് എത്തിച്ചേരാനും അതുല്യമായ ഉപഭോക്തൃ അനുഭവങ്ങള്‍ പ്രദാനം ചെയ്യാനും സഹായകമാകും. ദീര്‍ഘകാല വളര്‍ച്ച പ്രതീക്ഷിക്കുന്ന തങ്ങള്‍ ഇന്ത്യന്‍ ആഡംബര വിഭാഗത്തിലെ മൂല്യമേറിയ വിഭാഗമായി മാറാന്‍ കാത്തിരിക്കുകയാണെന്നും കൊറാലി ചാരിയോള്‍ പറഞ്ഞു.
2025 സാമ്പത്തിക വര്‍ഷത്തോടെ 40 പുതിയ സ്‌റ്റോറുകള്‍ കൂടി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഹീലിയോസ് പ്രീമിയം വാച്ച് വിഭാഗത്തിൽ സാന്നിധ്യം വര്‍ധിപ്പിക്കാനും ഇന്ത്യന്‍ ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന അഭിരുചികള്‍ക്കനുസരിച്ചു സേവനം നല്‍കാനുമാണ് ശ്രമിക്കുന്നത്.