മസിൽ ഉണ്ടാക്കാൻ ദിവസവും ജിമ്മിൽ പോയി പലരും കഷ്ടപ്പെടുന്നുണ്ട്. വ്യായാമം മാത്രം പോരാ ഭക്ഷണത്തിലും ശ്രദ്ധിക്കണം. എന്നാൽ പലർക്കും ഉള്ള തെറ്റിദ്ധാരണ മാംസാഹാരങ്ങളും പാലുൽപന്നങ്ങളും ആണ് കഴിക്കേണ്ടത് എന്നാണ്. എന്നാൽ അങ്ങനെയല്ല. നിങ്ങളുടെ ഡയറ്റിൽ പച്ചക്കറികളും ഉൾപ്പെടുത്തണം. ശരിയായ മസിൽ അല്ലെങ്കിൽ പേശികളുടെ വളർച്ചയ്ക്ക് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പോഷകങ്ങളും പ്രോട്ടീനും അടങ്ങിയിട്ടുള്ള പച്ചക്കറികൾ ഏതൊക്കെയാണെന്ന് നോക്കാം..
ഗ്രീൻ പീസ്
എല്ലാ വീടുകളിലും സുലഭമായി ലഭിക്കുന്നതാണ് ഗ്രീൻ പീസ്. ഇത് പലപ്പോഴും ആരോഗ്യത്തിന് വ്യത്യസ്തമായ പല ഗുണങ്ങളും നൽകുന്നുണ്ട്. ഫ്രഷായിട്ടുള്ള ഗ്രീൻ പീസുകൾ പോഷകങ്ങളുടെ കലവറയാണ്. നാരുകളാൽ സമ്പുഷ്ടവും പ്രോട്ടീൻ്റെ മികച്ച സസ്യ സ്രോതസ്സുകളിലൊന്നും ആയത് കൊണ്ട് തന്നെ പീസ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് മികച്ച സംതൃപ്തി നൽകുന്നു. ഇരുമ്പിൻ്റെ ഉപയോഗപ്രദമായ സസ്യാഹാര സ്രോതസ്സാണ് ഗ്രീൻ പീസ്. ഇത് ചുവന്ന രക്താണുക്കൾ നിർമ്മിക്കുന്നതിനും ശരീരത്തിന് ചുറ്റും ഓക്സിജൻ എത്തിക്കുന്നതിനും ആവശ്യമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും അതുപോലെ ചില ക്യാൻസറുകളെ ചെറുക്കാനും ഗ്രീൻ പീസ് ഏറെ സഹായിക്കും. വേവിച്ചും സൂപ്പുകളിൽ ചേർത്തും ഗ്രീൻ പീസ് കഴിക്കാവുന്നതാണ്.
മഷ്റൂം
ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ഒരു പച്ചക്കറിയാണ് മഷ്റൂം. ഇതിൽ ആൻ്റി ഓക്സിഡൻ്റുകൾ, ഫൈബർ, ധാതുക്കൾ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. പേശികളുടെ ബലത്തിനും ആരോഗ്യത്തിനും അതുപോലെ പേശികളെ നേരെയാക്കാനും മഷ്റൂം സഹായിക്കും. വൈറ്റമിൻ ഡിയാൽ സമ്പുഷ്ടമാണ് മഷ്റൂം. മാത്രമല്ല റെഡ് മീറ്റ് കഴിക്കാൻ സാധിക്കാത്തവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒരു മികച്ച പ്രോട്ടീനാണ് മഷ്റൂം. കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മഷ്റൂം ഏറെ സഹായിക്കും. കൂടാതെ മസ്തിഷ്ക ആരോഗ്യത്തിനും മികച്ചതാണ് മഷ്റൂം.
ബ്രോക്കോളി
മലയാളികൾ അധികം ഉപയോഗിക്കാറില്ലെങ്കിൽ ഇപ്പോൾ വലിയ രീതിയിൽ പ്രചാരത്തിൽ വന്നുകൊണ്ടിരിക്കുന്ന ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ധാരാളം പോഷകങ്ങളും പ്രോട്ടീനുകളും അടങ്ങിയിട്ടുള്ളതാണ് ബ്രോക്കോളി. ധാരാളം ഫൈബറും വൈറ്റമിൻ, സിയും കെയും അതുപോലെ ഫോളേറ്റും ഇതിൽ അടങ്ങിയിട്ടുണ്ട്. മസിൽ വയ്ക്കാൻ മാത്രമല്ല രോഗ പ്രതിരോധ ശേഷി കൂട്ടാനും ചിലത്തരം ക്യാൻസറുകളെ ചെറുക്കാനും ബ്രോക്കോളി നല്ലതാണ്. ഹൃദയാരോഗ്യത്തിനും വീക്കം കുറയ്ക്കാനും ബ്രോക്കോളി ഏറെ സഹായിക്കും. കൂടാതെ മികച്ച ദഹനത്തിനും ഇത് നല്ലതാണ്. കുറച്ച് കലോറിയാണ് ബ്രോക്കോളിയുടെ മറ്റൊരു പ്രത്യേകത. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകൾ പേശികൾക്ക് ആവശ്യമായ കൊളജൻ ഉത്പാദിപ്പിക്കാൻ സഹായിക്കും. വേവിച്ചും ഫ്രൈ ചെയ്തുമൊക്കെ ബ്രോക്കോളി കഴിക്കാവുന്നതാണ്.
കാബേജ്
പൊതുവെ മലയാളികൾ ധാരാളമായി ഉപയോഗിക്കുന്നതാണ് കാബേജ്. ധാരാളം ആൻ്റി ഓക്സിഡൻ്റുകളും വൈറ്റമിനുകളാലും സമ്പുഷ്ടമാണ് ക്യാബേജ്. വീക്കം കുറയ്ക്കാനും ഇത് സഹായിക്കും. കൂടാതെ ഹൃദയാരോഗ്യത്തിനും അതുപോലെ ദഹനത്തിനുമൊക്കെ നല്ലതാണ്. വൈറ്റമിൻ കെ, സി, ഫോലേറ്റ് എന്നിവയെല്ലാം ക്യാബേജിലും അടങ്ങിയിട്ടുണ്ട്. കുറച്ച കലോറിയും ധാരാളം പോഷകങ്ങളും അടങ്ങിയതാണ് ക്യാബേജ് എന്ന് തന്നെ പറയാം. വേവിച്ചും അല്ലാതെയും ക്യാബേജ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
ചീര
പോഷകങ്ങളുടെ കലവറയാണ് ചീര എന്ന് തന്നെ പറയാം. പൊതുവെ വിപണിയിൽ വെള്ള ചീരയും ചുവന്ന ചീരയും ലഭ്യമാണ്. ഇലക്കറികളിലെ പ്രധാനിയാണ് ചീര. പ്രോട്ടീനിനൊപ്പം തന്നെ അയൺ, ക്യാൽസ്യം, മഗ്നീഷ്യം എന്നിവയൊക്കെ ചീരയിൽ അടങ്ങിയിട്ടുണ്ട്. ജിമ്മിൽ പോകുന്നവർക്ക് മാത്രമല്ല എല്ലാവർക്കും അനുയോജ്യമായൊരു പച്ചക്കറിയാണ് ചീര. എല്ലുകൾക്കും കണ്ണുകൾക്കും നല്ലതാണ്. കൂടാതെ അമിതഭാരം കുറയ്ക്കാനും പേശികളെ ബലപ്പെടുത്താനും ചീര സഹായിക്കാറുണ്ട്. ആൻ്റിഓക്‌സിഡൻ്റുകളാലും നാരുകളാലും സമ്പന്നമായ ചീര രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ സഹായിക്കുന്നു. ഇതിലെ ഉയർന്ന മഗ്നീഷ്യം ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നുണ്ട്. ഗ്ലൂക്കോസ് മെറ്റബോളിസത്തെ സഹായിക്കുന്നു.