മുഖത്തെ അമിത രോമവളർച്ച സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നമാണ്. എല്ലാവരിലും ഇത് പ്രകടമായി കാണണമെന്നില്ല. അമിതമായ രോമവളർച്ച ചിലപ്പോൾ ചില രോഗങ്ങളുടെ ലക്ഷണം ആയേക്കും. പിസിഒഡി തൈറോയ്ഡ് ഉള്ള സ്ത്രീകളിൽ അമിതരോഗ വളർച്ച ഒരു രോഗലക്ഷണമായി കണക്കാക്കപ്പെടുന്നു. മുഖത്തുണ്ടാകുന്ന ഈ രോമവളർച്ച സ്ത്രീകൾക്ക് അരോചകമായി തന്നെയാണ് തോന്നുന്നത്. ഇവ നീക്കം ചെയ്യാൻ പല രീതികളും പയറ്റുന്നവരാണ് സ്ത്രീകൾ.
വാക്സിംഗ്, ത്രെഡിങ്, ലേസർ ചികിത്സകൾ എന്നിവ പോലുള്ള വഴികൾ തേടി പലരും പോകുന്നു. എന്നാൽ ഇവയെല്ലാം വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ചർമ്മത്തിന്റെ മൃദുത്വം നഷ്ടപ്പെടുത്തുന്ന രീതികളാണ് മേൽപ്പറഞ്ഞവ. മാത്രമല്ല ചെലവേറിയതും ആണ്. മുഖത്തെ രോമം മാറ്റാൻ മറ്റേതെങ്കിലും മാർഗ്ഗമുണ്ടോ? എന്നാൽ ഉണ്ട്. പ്രകൃതിദത്തമായ ചേരുവകൾ കൊണ്ട് മുഖത്തെ രോമം നീക്കം ചെയ്യാം. ഇവ ഒറ്റയടിക്ക് മുഖത്തെ രോമം പിഴുതു കളയുമെന്ന് ആരും തെറ്റിദ്ധരിക്കരുത്. മറിച്ച് രോമവളർച്ചയെ മന്ദഗതിയിലാക്കാൻ ഈ ചേരുവകൾക്ക് സാധിക്കും.
മുഖത്തെ രോമവളർച്ച തടയാനുള്ള പ്രകൃതിദത്തമായ രീതികൾ എന്തൊക്കെയാണെന്ന് അറിയാം
വാഴപ്പഴം, ഓട്‌സ് സ്‌ക്രബ്
മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ആരോഗ്യ ഗുണങ്ങൾ വാഴപ്പഴത്തിനുണ്ട്. വാഴപ്പഴത്തിന്റെ കൂടെ ഓട്‌സ് കൂടി ചേർക്കുമ്പോൾ അതിന്റെ ഗുണം ഇരട്ടിക്കുന്നു. പഴുത്ത വാഴപ്പഴം നന്നായി ഉടച്ചെടുക്കുക. വാഴപ്പഴത്തിൽ 2 ടീസ്പൂൺ പൊടിച്ചെടുത്ത ഓട്സ് ചേർത്ത് നന്നായി യോജിപ്പിച്ച് സ്‌ക്രബ് തയ്യാറാക്കാം. ഈ മിശ്രിതം മുഖത്തു പുരട്ടുക. 15-20 മിനിറ്റ് കഴിഞ്ഞതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. നിങ്ങളുടെ മുഖത്തെ നിർജീവമായ ചർമ്മ കോശങ്ങളോടൊപ്പം രോമവും നീക്കം ചെയ്യാൻ ഓട്സ് സഹായിക്കുന്നു, വാഴപ്പഴം ചർമ്മത്തെ കൂടുതലായി മോയ്സ്ചറൈസ് ചെയ്യാൻ ഉപകരിക്കും.
പപ്പായ, മഞ്ഞൾ മാസ്ക്
നിങ്ങളുടെ മുഖത്തെ അനാവശ്യ രോമങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം മിനുസമാർന്ന ചർമ്മം ലഭിക്കുന്നതിന് പപ്പായ, മഞ്ഞൾ മാസ്ക് ഉപയോഗിക്കാം. മഞ്ഞൾ എപ്പോഴും മികച്ച ക്ലീനിങ് വസ്തുവായി ചർമത്തിൽ പ്രവർത്തിക്കുന്നു. പപ്പായയിലെ പപ്പൈൻ എന്ന എൻസൈം രോമ സുഷിരങ്ങളെ കുടുതലായി തുറക്കാൻ അനുവദിച്ചുകൊണ്ട് രോമത്തെ പെട്ടെന്ന് പുറന്തള്ളാൻ സഹായിക്കും. ഈ പായ്ക്ക് പരീക്ഷിക്കുമ്പോൾ വളരെ കുറച്ച് മഞ്ഞൾപ്പൊടി മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് നിങ്ങൾ ഉറപ്പു വരുത്തണം. ഒരു കഷ്ണം പപ്പായ ഉടച്ച് അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ ചേർത്ത് ഈ മിശ്രിതം തയ്യാറാക്കാം. ഇത് നിങ്ങളുടെ മുഖത്ത് വൃത്താകൃതിയിൽ മസ്സാജ് ചെയ്യുക. ശേഷം 10 മിനിറ്റ് നേരം ഉണങ്ങാൻ അനുവദിക്കുക. തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകുക.
മുട്ടയുടെ വെള്ള, ധാന്യം, അന്നജം, പഞ്ചസാര
സൗന്ദര്യ സംരക്ഷണ വേളയിൽ ഇപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് മുട്ട. കാരണം പ്രോട്ടീനാൽ സമ്പുഷ്ടമാണ് മുട്ട. മുടിക്ക് തിളക്കം ലഭിക്കാൻ വിവിധ ഹെയർ മാസ്കുകളിൽ മുട്ട ഉപയോഗിക്കുന്നു. മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാനും മുട്ട ഉപയോഗിക്കാം. ഒരു പാത്രത്തിൽ മുട്ടയുടെ വെള്ള എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ കോൺ സ്റ്റാർച്ചും പഞ്ചസാരയും ചേർക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 30 മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക. 30 മിനിറ്റിനു ശേഷം പതിയെ മുഖത്ത് നിന്നും മാസ്ക് നീക്കം ചെയ്യുക. മുഖം തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടു തവണ ഈ മിശ്രിതം മുഖത്ത് ഉപയോഗിച്ചാൽ മികച്ച ഫലം ലഭിക്കുന്നതായിരിക്കും.
നാരങ്ങയുടെയും പഞ്ചസാരയുടെയും മിശ്രിതം
മുഖത്തെ അനാവശ്യ രോമങ്ങൾ നീക്കം ചെയ്തുകൊണ്ട് മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ പരമ്പരാഗതമായി ഉപയോഗിച്ചു പോരുന്ന ഒരു കൂട്ടാണിത്. ഒരു ടീസ്പൂൺ പഞ്ചസാര, 2 ടീസ്പൂൺ നാരങ്ങ നീര്, 3 ടീസ്പൂൺ വെള്ളം എന്നിവ നന്നായി യോജിപ്പിച്ച് ഒരു പായ്ക്ക് തയ്യാറാക്കാം. പഞ്ചസാര പൂർണമായും അലിഞ്ഞ് നേർത്ത പേസ്റ്റായി മാറുന്നത് വരെ ഇത് മിക്സ് ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ മുഖത്ത് ഈ മിശ്രിതം പുരട്ടി 20-30 മിനുട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തെ അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാൻ ഈ പായ്ക്ക് സഹായിക്കും. നാരങ്ങയുടെ ബ്ലീച്ചിംഗ് ഗുണങ്ങളും പഞ്ചസാരയുടെ എക്‌സ്‌ഫോളിയേറ്റിംഗ് ഗുണങ്ങളും ചർമ്മത്തിന് ദീർഘകാല തിളക്കം നൽകും. എന്നാൽ നിങ്ങളുടെ ചർമം വരണ്ടതാണെങ്കിൽ 15-20 മിനിറ്റിലധികം നേരം ഈ പായ്ക്ക് മുഖത്ത് വെക്കാൻ പാടില്ല. വരണ്ട ചർമ്മമുള്ളവർ 15-20 മിനിറ്റിനുള്ളിൽ ഇത് കഴുകി കളയണം. രോമങ്ങൾ വേഗത്തിൽ നീക്കം ചെയ്യാനായി ഓരോ ദിവസവും ഇടവിട്ട് ഇത് മുഖത്ത് പ്രയോഗിക്കാം.
ചെറുപയർ പൊടി, മഞ്ഞൾ, റോസ് വാട്ടർ മിശ്രിതം
നിങ്ങളുടെ ചർമ്മത്തെ മൃദുലമായി നിലനിർത്താൻ ഈ മിശ്രിതം സഹായിക്കുന്നു. ചെറുപയർ പൊടിയും മഞ്ഞളും തുല്യ അളവിൽ എടുത്ത് അതിൽ റോസ് വാട്ടർ ചേർത്ത് നന്നായി യോജിപ്പിക്കുക. മുഖം വൃത്തിയാക്കിയ ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടുക. 15 മുതൽ 20 മിനിറ്റ് വരെ ഉണങ്ങാൻ അനുവദിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. അതിനുശേഷം നിങ്ങളുടെ മുഖം മോയ്സ്ചറൈസ് ചെയ്യുക.