ഡോള്‍ഫിനുകളെ നമുക്കറിയാം. മനുഷ്യനുമായി ഇടപഴകുന്ന ബുദ്ധിയുള്ള ജീവിയാണ് ഡോള്‍ഫിനുകള്‍. സംഗീതത്തിനൊത്ത് വെള്ളത്തില്‍ ഡാന്‍സ് ചെയ്യാനും, മനുഷ്യര്‍ക്കൊപ്പം സര്‍ക്കസ്സ് നടത്താനുമൊക്കെ ഡോള്‍ഫിനുകള്‍ക്ക് നല്ല കഴിവുണ്ട്. ഇവയുടെ ആവാസം കടലിലാണ്. എന്നാല്‍, ശുദ്ധ ജലത്തില്‍ കഴിയുന്ന ഡോള്‍ഫിനുകളെ കുറിച്ച് കേട്ടിട്ടുണ്ടോ. ആമസോണ്‍ നദികളില്‍ മാത്രം കാണുന്ന പിങ്ക് ഡോള്‍ഫിനുകള്‍. ഇവയെ കുറിച്ച് പഠനം നടത്താന്‍ ഇറങ്ങിപ്പുറപ്പെട്ട്, ഒടുവില്‍ അവയുടെ സംരക്ഷണം സ്വയം ഏറ്റെടുത്ത്, ജീവിതം മുഴുവന്‍ അവയ്ക്കു വേണ്ടി ജീവിച്ച ഒരു മനുഷ്യനുണ്ട്. കൊളംബിയന്‍ മറൈന്‍ ബയോളജിസ്റ്റ് ഫെര്‍ണാണ്ടോ ട്രൂജില്ലോ.
1987ല്‍ അന്തരിച്ച പ്രശസ്ത സമുദ്രശാസ്ത്രജ്ഞന്‍ ജാക്വസ് കൂസ്റ്റോയുടെ നിര്‍ദ്ദേശപ്രകാരമാണ് ട്രൂജില്ലോ നിഗൂഢമായ പിങ്ക് നദി ഡോള്‍ഫിനിനെക്കുറിച്ച് പഠിക്കാന്‍ ആമസോണിലെ സങ്കീര്‍ണ്ണമായ ജലപാതകള്‍ താണ്ടാന്‍ തീരുമാനിച്ചത്. ബൊഗോട്ടയിലെ ഒരു യൂണിവേഴ്സിറ്റിയില്‍ നടന്ന സെമിനാറില്‍ കൂസ്റ്റോയെ കണ്ടുമുട്ടിയതാണ് ട്രൂജില്ലോ പിങ്ക് ഡോള്‍ഫിനു പിന്നാലെ പോകാന്‍ പ്രധാന കാരണം. അന്ന് തന്റെ ഗവേഷണം, നദികളില്‍ വസിക്കുന്ന ഡോള്‍ഫിനുകളെ കുറിച്ചുള്ള പഠനത്തിലേക്ക് തിരിച്ചു വിടാന്‍ പ്രേരിപ്പിച്ചത് കൂസ്റ്റോയാണ്. ട്രൂജില്ലോ തന്നെയാണ് തന്റെ പഠനം എങ്ങനെ വേണമെന്ന ചോദ്യം കൂസ്റ്റോയോട് ചോദിച്ചതും.
ഇതുവരെ ആരും ആഴത്തില്‍ അന്വേഷിച്ചിട്ടില്ലാത്ത പിങ്ക് ഡോള്‍ഫിനുകളെ കുറിച്ച് പഠിക്കുന്നത് ഒരു വേറിച്ച അനുഭവമായിരിക്കുമെന്ന ഉപദേശം ശിരസ്സാ വിഹിക്കുകയായിരുന്നു ട്രൂജില്ലോ. രണ്ട് വര്‍ഷത്തിന് ശേഷം, ആമസോണില്‍ തന്റെ സാഹസിക യാത്ര ആരംഭിക്കാന്‍ ഒരു കാര്‍ഗോ വിമാനത്തില്‍ ട്രൂജില്ലോ യാത്ര തിരിച്ചു. അദ്ദേഹത്തിന്റെ യാത്ര പ്യൂര്‍ട്ടോ നരിനോയിലെ നദീതീര ഗ്രാമത്തില്‍ അവസാനിച്ചു. ബൊഗോട്ടയില്‍ ജനിച്ചുവളര്‍ന്ന ട്രൂജില്ലോ അവിടെ വലിയ ജ്ഞാനിയെപ്പോലെയാണ് പെരുമറിയത്. എന്നാല്‍, സങ്കീര്‍ണ്ണമായ ഭൂപ്രകൃതിയിലൂടെ സഞ്ചരിക്കാനും ഡോള്‍ഫിനുകളോട് അടുക്കാനും പ്രാദേശിക ടികുന ജനങ്ങളുടെ സഹായം ആവശ്യമാണെന്ന് മനസ്സിലാക്കി.
തന്റെ ജ്ഞാനത്തിനപ്പുറം പിങ്ക് ഡോള്‍ഫിനുകളിലേക്ക് വേഗത്തിലെത്താന്‍ ടികുനകളുമായി ചങ്ങാത്തം സ്ഥാപിച്ചു. ഇത് വളരെ ആക്രമണാത്മക അന്തരീക്ഷമാണ്. അതിജീവിക്കാന്‍ വളരെ ബുദ്ധിമുട്ടും. എന്നാല്‍, അതിജീവനത്തിന്റെ ബാല പാഠങ്ങള്‍ ആദിവാസികള്‍ പഠിപ്പിക്കാന്‍ തുടങ്ങി. – ഒരു തോണി എങ്ങനെ തുഴയണം, കാട്ടില്‍ എങ്ങനെ നടക്കണം, വ്യത്യസ്ത ഇനങ്ങളെ എങ്ങനെ കണ്ടെത്താം എന്നൊക്കെ പഠിപ്പിച്ചു. ഒടുവില്‍ ശുദ്ധജല ഡോള്‍ഫിനുകളുമായും അവയുടെ ചുറ്റുപാടുകളുമായും അദ്ദേഹം ആഴത്തിലുള്ള ബന്ധം സ്ഥാപിച്ചു. അമിതമായ മത്സ്യബന്ധനം, ആവാസവ്യവസ്ഥയുടെ നാശം, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം പിങ്ക് ഡോള്‍ഫിനുകളുടെ എണ്ണം കുറയുന്നതായി കണ്ടെത്തി.
ആമസോണിലെ നദികളില്‍ രണ്ടുതരം ശുദ്ധജല ഡോള്‍ഫിനുകള്‍ കാണപ്പെടുന്നുണ്ട്. ഒന്ന്, ആമസോണ്‍ നദി ഡോള്‍ഫിന്‍(അല്ലെങ്കില്‍ അവയുടെ നിറം കാരണം ‘പിങ്ക് ഡോള്‍ഫിനുകള്‍’)-രണ്ടാമത്തേത് ചെറിയ ടുകുക്‌സി എന്നിവയാണ്. രണ്ടും വേട്ടക്കാരാണ്. നദികളിലെ മത്സ്യങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നത് ഇവരാണ്. 2018ല്‍, പിങ്ക് ഡോള്‍ഫിനുകളെ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ വംശനാശഭീഷണി നേരിടുന്നവയായി തരംതിരിച്ചിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം, ടുകുക്‌സിയെയും ഇതേ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ട്രൂജില്ലോ അവിടെ എത്തിയ ഒരു വര്‍ഷത്തിനുള്ളില്‍ ചത്ത 21 ഡോള്‍ഫിനുകളെ കണ്ടെത്തിയിരുന്നു.
ഇതോടെ ആ മൃഗങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു. അവയെ സംരക്ഷിക്കാനായി ഈ പ്രദേശത്ത് താമസിക്കാനും പ്രദേശവാസികള്‍ക്കൊപ്പം തന്റെ ജോലി തുടരാനും അദ്ദേഹം തീരുമാനിച്ചു. അവര്‍ അവനെ ‘ഓമച്ച എന്ന് വിളിച്ചു. അത് ടികുന ഭാഷയില്‍ ‘ഒരു മനുഷ്യനായി മാറുന്ന ഒരു ഡോള്‍ഫിന്‍’ എന്നാണര്‍ത്ഥം. ‘അവര്‍ എന്നോട് പറഞ്ഞു, ‘നിങ്ങള്‍ ഒരു ഡോള്‍ഫിനാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. 1993ല്‍, ഡോള്‍ഫിനുകളെ മാത്രമല്ല, വംശനാശഭീഷണി നേരിടുന്ന മറ്റ് ജലജീവികളെയും തെക്കേ അമേരിക്കയിലുടനീളമുള്ള അവയുടെ ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനായി അദ്ദേഹം ഒരു സംഘടന രൂപീകരിച്ചു. അതിന്റെ പേര് ഫെര്‍ണാണ്ടസ് ട്രൂജില്ലോ എന്നു തന്നെയായിരകുന്നു.
ഒമാച്ച ഫൗണ്ടേഷന്‍
‘ഡോള്‍ഫിനുകളെ രക്ഷിക്കാനുള്ള ഒരു റൊമാന്റിക് സമീപനവുമായാണ് ഞാന്‍ ഇവിടെ വന്നത്, എന്നാല്‍ ഈ വലിയ ആവാസവ്യവസ്ഥയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഡോള്‍ഫിനുകള്‍ എന്ന് പെട്ടെന്ന് മനസ്സിലായി. ഡോള്‍ഫിനുകളെ സംരക്ഷിക്കാന്‍, ആദ്യം നദികളെ സംരക്ഷിക്കേണ്ടതുണ്ട്. തടാകങ്ങളും മനാറ്റീസ്, കെയ്മാന്‍, ഇവിടെ വസിക്കുന്ന ആളുകള്‍ തുടങ്ങിയ മറ്റ് ജീവജാലങ്ങളെയും സംരക്ഷിക്കണം. 30 വര്‍ഷമായി, അദ്ദേഹവും അദ്ദേഹത്തിന്റെ ഫൗണ്ടേഷനും ഡോള്‍ഫിന്‍ സൗഹൃദ മത്സ്യബന്ധന കരാറുകള്‍ വളര്‍ത്തിയെടുക്കാനും തണ്ണീര്‍ത്തടങ്ങളെ പുനരുജ്ജീവിപ്പിക്കാനും നിതാന്ത പരിശ്രമം നടത്തി. 2023ല്‍ റിവര്‍ ഡോള്‍ഫിനുകളെ സംരക്ഷിക്കുന്നതിനുള്ള ആദ്യ ആഗോള പ്രഖ്യാപനത്തിനും ഇത് സഹായകമായി.
ട്രൂജില്ലോ തെക്കേ അമേരിക്കയിലുടനീളമുള്ള ശാസ്ത്രജ്ഞരെ ഡോള്‍ഫിന്‍ സര്‍വേയിംഗിലും സംരക്ഷണ ശ്രമങ്ങളിലും പരിശീലിപ്പിക്കാന്‍ സഹായിച്ചു. കൂടാതെ മറ്റ് ശുദ്ധജല ആവാസവ്യവസ്ഥകളെയും ജൈവവൈവിധ്യത്തിനെതിരായ ഭീഷണികളെയും വിലയിരുത്തുന്നതിന് അദ്ദേഹം ഭൂഖണ്ഡത്തിലുടനീളം എണ്ണമറ്റ പര്യവേഷണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഡോള്‍ഫിനുകള്‍ ഒരുതരം തെര്‍മോമീറ്ററാണ്, നദികളുടെ ആരോഗ്യത്തിന്റെ കാവല്‍ക്കാരാണ്. എന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഒമാച്ച ഫൗണ്ടേഷന്‍ ഡോള്‍ഫിനുകളെ അവയുടെ ജനസംഖ്യ നിരീക്ഷിക്കുന്നതിനായി സാറ്റലൈറ്റ് ട്രാക്കറുകള്‍ ഉപയോഗിച്ച് ടാഗ് ചെയ്തിട്ടുണ്ട്.
‘ഞങ്ങള്‍ ഇതിനകം തെക്കേ അമേരിക്കയില്‍ 60ലധികം ഡോള്‍ഫിനുകളും കൊളംബിയയില്‍ മാത്രം 27 ഡോള്‍ഫിനുകളെയും ടാഗ് ചെയ്തിട്ടുണ്ടെന്ന് ട്രൂജില്ലോ പറയുന്നു. ഡോള്‍ഫിനുകള്‍ എവിടെയാണ് ഭക്ഷണം കഴിക്കുന്നതും ഇണചേരുന്നതും പ്രസവിക്കുന്നതും എന്ന് തിരിച്ചറിയാന്‍ ജി.പി.എസ് ട്രാക്കറുകള്‍ സഹായിച്ചു. അതുവഴി അവര്‍ക്ക് ആ പ്രദേശങ്ങള്‍ നന്നായി സംരക്ഷിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. ട്രൂജില്ലോ ഇപ്പോള്‍ രണ്ട് വര്‍ഷത്തെ നാഷണല്‍ ജിയോഗ്രാഫിക്, റോളക്‌സ് പെര്‍പെച്വല്‍ പ്ലാനറ്റ് പര്യവേഷണത്തിന്റെ ഭാഗമായിരിക്കുകയാണ്. അവിടെ ഡോള്‍ഫിനുകളും അവയുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. ഒപ്പം പ്രാദേശിക തദ്ദേശീയ സമൂഹങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
”ആമസോണില്‍ പ്രവര്‍ത്തിക്കുന്നതിന് വളരെയധികം വെല്ലുവിളികളുണ്ട്. എങ്കിലും വലിയ കാര്യങ്ങള്‍ ചെയ്യാനായില്ലെന്നു വരും. എന്നാല്‍, ചെറുതായെങ്കിലും ചെയ്യാന്‍ കതഴിയുന്നത് വലിയ കാര്യമായി കാണുന്നു. ബുദ്ധിമുട്ടുകള്‍ക്കിടയിലും, ഈ മൂല്യവത്തായ ആവാസവ്യവസ്ഥയെയും അതിലെ നിവാസികളെയും സംരക്ഷിക്കാന്‍ താന്‍ പോരാടുന്നത് തുടരുമെന്ന് ട്രൂജില്ലോ പറയുന്നു. നദികളെയും ജല ആവാസവ്യവസ്ഥയെയും സംരക്ഷിക്കുക എന്നതാണ് തന്റെ സ്വപ്‌നമെന്നും പിങ്ക് ഡോള്‍ഫിനുകളുടെ തോഴന്‍ ട്രൂജില്ലോ പറയുന്നു.