മുട്ട ഉപയോഗിച്ച് നാം ധാരാളം പലഹാരങ്ങള്‍ തയ്യാറാക്കാറുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വളരെ വിത്യസ്തമായ ഒരു പലഹാരമാണ് ഇത്. വീട്ടില്‍ എളുപ്പത്തില്‍ ലഭിക്കുന്ന ചേരുവകളായ മുട്ട, കടലമാവ്, കുരുമുളക് പൊടി എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. വളരെ സ്വാദേറിയതും ക്രിസ്പിയുമായ ഈ പലഹാരത്തിന്റെ ആവശ്യക്കാര്‍ ഏറെയും കുട്ടികളാണ്. അതുകൊണ്ട് തന്നെ വൈകിട്ട് സ്‌കൂളില്‍ നിന്നും എത്തുന്ന കുട്ടികള്‍ക്ക് സിമ്പിളായി ഉണ്ടാക്കി നല്‍കാവുന്ന ഒരു വിഭവമാണിത്. മുതിര്‍ന്നവര്‍ക്ക് വൈകുന്നേരത്തെ ചയയോടൊപ്പവും ഇത് തയ്യാറാക്കി നല്‍കാവുന്നതാണ്.
ആവശ്യമായ ചേരുവകള്‍
മുട്ട-4
ഉപ്പ്-ആവശ്യത്തിന്
കുരുമുളക് പൊടി-ആവശ്യത്തിന്
കടലമാവ്-അരക്കപ്പ്
കായപ്പൊടി-ആവശ്യത്തിന്
മുളകുപൊടി-ആവശ്യത്തിന്
സോഡാപൊടി-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് 4 മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് 3/4 ടീസ്പൂണ്‍ കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.
അതേസമയം മറ്റൊരു പാത്രം എടുത്ത് അതില്‍ 1/2 കപ് കടലമാവ്, അല്പം കായപ്പൊടി ,1/4 ടീസ്പൂണ്‍ സോഡ പൊടി,1/2 ടീസ്പൂണ്‍ മുളുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. അതിലേക്ക് ഒരു ഗ്ലാസ്സ് വെള്ളം കൂടി ചേര്‍ത്ത് ഒരു ബാറ്റര്‍ തയ്യാറാക്കുക.
അടുത്തതായി ഒരു പാന്‍ ചൂടാക്കി എണ്ണ പുരട്ടി, മിക്‌സ് ചെയ്ത് വച്ചിരിക്കുന്ന മുട്ട പൊരിച്ചെടുക്കുക.
പൊരിച്ചെടുത്ത മുട്ട തയ്യാറാക്കിയിരിക്കുന്ന ബാറ്റെറില്‍ മുക്കി എടുത്ത് എണ്ണയിലിട്ട് വറുത്ത് കോരുക. ശേഷം പ്ലേറ്റിലേക്ക് മാറ്റുക. സ്വാദിഷ്ടമായ മുട്ടകൊണ്ടുളള പലഹാരം റെഡി.