മലപ്പുറം: വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മൂന്ന് ദിവസം മുമ്പ് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കടന്ന് മൂന്നംഗ സംഘം ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. വളാഞ്ചേരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് യുവതി പീഡനത്തിനിരയായത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മർദത്തിലായിരുന്ന യുവതിയോട് സുഹൃത്തുക്കൾ വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് സംഭവ വിവരം പുറത്തറിഞ്ഞത്. സുഹൃത്താണ് ഇന്ന് ഉച്ചക്ക് വിവരം പൊലീസില്‍ അറിയിച്ചത്. വളാഞ്ചേരി പൊലീസെത്തി യുവതിയുടെ മൊഴിയെടുത്തു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പേര് അറിയില്ലെങ്കിലും മൂന്നുപേരേയും കണ്ടാല്‍ തിരിച്ചറിയുമെന്നാണ് യുവതി പൊലീസിന് നല്‍കിയിട്ടുള്ള മൊഴി. കസ്റ്റഡിയിലുള്ള രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. മറ്റൊരാൾക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. തിരൂര്‍ ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചതിന് ശേഷം അറസ്റ്റിലേക്ക് കടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.