ന്യൂഡല്‍ഹി: പ്രോ ടെം സ്പീക്കർ സ്ഥാനtഹത് നിന്നും കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞതിന് വിശദീകരണവുമായി കേന്ദ്രം. കൊടിക്കുന്നില്‍ എട്ടുതവണ എം.പിയായി, എന്നാല്‍ രണ്ടു തവണ തോറ്റുവെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു ചൂണ്ടിക്കാട്ടി. എട്ടുതവണ എം.പിയായ കൊടിക്കുന്നിലിനെ തഴഞ്ഞ് ഏഴുതവണ എം.പിയായ ബി.ജെ.പിയുടെ ഭര്‍തൃഹരി മഹ്താബിനെ പ്രോ ടെം സ്പീക്കറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചുവെന്ന് കഴിഞ്ഞദിവസമാണ് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചത്.
പ്രോ ടെം സ്പീക്കര്‍ സ്ഥാനം താത്കാലികമാണ്. സഭയുടെ നടത്തിപ്പില്‍ അവര്‍ക്ക് കാര്യമായൊന്നുംചെയ്യാനില്ല. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതുവരെ മാത്രമേ അവരുടെ ചുമതലയുള്ളൂവെന്നും കിരണ്‍ റിജിജു പറഞ്ഞു.
“കോണ്‍ഗ്രസ് ഇങ്ങനെ സംസാരിക്കുന്നത് വലിയ അപമാനമാണ്. ഭര്‍തൃഹരി മഹ്താബിന്റെ പേര് അവര്‍ എതിര്‍ക്കുന്നു. പരാജയമറിയാതെ ഏഴുതവണ എം.പിയായ വ്യക്തിയാണ് ഭര്‍തൃഹരി. കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത് കൊടിക്കുന്നിലിന്റെ പേരാണ്. അദ്ദേഹം ആകെ എട്ടുതവണ എം.പിയായി. എന്നാല്‍, 1998-ലും 2004-ലും അദ്ദേഹം പരാജയപ്പെട്ടു. ചട്ടങ്ങളും നിയമങ്ങളും അറിയാത്തവര്‍ക്ക് മാത്രമേ തെറ്റുപറ്റിയെന്ന് തോന്നുകയുള്ളൂ”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറുതവണ ബി.ജെ.ഡി ടിക്കറ്റില്‍ കട്ടക്കില്‍ ജയിച്ച ഭര്‍തൃഹരി, ഇത്തവണ ബി.ജെ.പി. സ്ഥാനാര്‍ഥിയായാണ് ലോക്സഭയില്‍ എത്തിയത്.
കൊടിക്കുന്നിലിനെ തഴഞ്ഞതില്‍ പ്രഖ്യാപനത്തിന് പിന്നാലെ നടപടി പ്രതിഷേധാർഹമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടും മാവേലിക്കര എംപിയായ കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.