ചാവക്കാട്: ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ എസ്.ഡി.പി.ഐ പ്രവർത്തകന് ഒൻപത് വർഷം കഠിന തടവും 15000 രൂപ പിഴയും. എടക്കഴിയൂർ നാലാം കല്ല് പടിഞ്ഞാറ് കിഴക്കത്തറ ഷാഫിയെയാണ് (30) ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്.
30 വയസുകാരനായ ഷാഫി എസ്ഡിപിഐ പ്രവർത്തകനാണ്. ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായാണ് ഇയാളെ ശിക്ഷിച്ചത്. കേസിലെ ഒന്നും, മൂന്നും, പ്രതികളെ നേരത്തെ 9 കൊല്ലം തടവും 30,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചിരുന്നു. ആ സമയം രണ്ടാം പ്രതിയായ ഷാഫി ഒളിവിലായിരുന്നു.
ഡി.വൈ.എഫ്.ഐ പ്രവർത്തകൻ എടക്കഴിയൂർ നാലാംകല്ല് കറുപ്പം വീട്ടിൽ ഹനീഫയുടെ മകൻ ബിലാലിനെയാണ് (18) പ്രതികൾ ആക്രമിച്ചത്. വാളും ഇരുമ്പ് പൈപ്പുമായി ബൈക്കിലെത്തിയ മുബിനും ഷാഫിയും നസീറും ചേർന്ന് ബിലാലിനെ വെട്ടുകയും അടിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
2018 ഏപ്രിൽ 26 ന് ഉച്ചയ്ക്ക് 2.15നാണ് കേസിനാസ്പദമായ സംഭവം. ബിലാലും മൂന്നാം പ്രതിയായ നസീറുമായി മുമ്പ് വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിലാൽ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ വിരോധം വച്ചാണ് ബിലാലിനെ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ഉടനെ ആംബുലൻസിൽ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. പിഴ സംഖ്യ മുഴുവൻ പരിക്ക് പറ്റിയ ബിലാലിന് നൽകാൻ വിധിയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. പ്രതിയെ ജയിലിലക്ക് കൊണ്ടുപോയി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ. രജിത്കുമാർ ഹാജരായി.