മുംബൈ: ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ വിട്ടുകിട്ടാൻ പൊലീസിനെ ആക്രമിച്ച് ജനക്കൂട്ടം. മഹാരാഷ്ട്രയിലെ ജൽഗാവോൺ ജില്ലയിലാണ് സംഭവം. ജനക്കൂട്ടം നടത്തിയ കല്ലേറിൽ 14 പൊലീസുകാർക്ക് പരിക്കേറ്റു.
ജൂൺ 11നായിരുന്നു കേസിനാസ്പദമായ സംഭവം. ജാമ്നറിലെ ചിഞ്ച്ഖേഡ ശിവാർ ഗ്രാമത്തിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യത്തിന് പിന്നാലെ പ്രതി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടിരുന്നു. വ്യാഴാഴ്ച തെരച്ചിലിനിടെ പ്രതിയെ പൊലീസ് കണ്ടെത്തി.
ഇതോടെ ഇയാളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവും നാട്ടുകാരുമുൾപ്പെടെ രംഗത്തെത്തുകയായിരുന്നു. പ്രതിയെ തങ്ങൾക്ക് വിട്ടു നൽകണമെന്നും ശിക്ഷ തങ്ങൾ നടപ്പാക്കുമെന്നും സംഘം പറഞ്ഞു. ഇതിനിടെയാണ് പൊലീസ് പ്രതിയെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായി സംഘത്തിന് വിവരം ലഭിക്കുന്നത്. ഇതോടെ ഇവർ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സ്റ്റേഷന് പുറത്ത് ചിലർ തീയിടുകയും ചെയ്തു. ആക്രമണങ്ങളിൽ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഒരു ഇൻസ്പെക്ടർക്കുൾപ്പടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.