പുനെ: കെട്ടിടത്തിൽ തൂങ്ങി കിടന്ന് റീൽ ചിത്രീകരണം നടത്തിയ യുവതിയും സുഹൃത്തും അറസ്റ്റിൽ. മിഹിർ ഗാന്ധി (27), മിനാക്ഷി സലുങ്കെ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം റീൽ ചിത്രീകരിച്ചവർ ഒളിവിലാണ്.
പൂനെയിലെ പഴയ ഒരു ക്ഷേത്രത്തിൻറെ ഭാഗമായ കെട്ടിടത്തിൽ അപകടകരമായി തൂങ്ങിക്കിടന്നായിരുന്നു റീൽ. കൈയിൽ പിടിച്ച് യുവതി ആടുന്നതും സുഹൃത്തായ മറ്റൊരാൾ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ ചിത്രീകരിക്കുന്നതും കാണാം. വലിയ കല്ലുകൾ നിറഞ്ഞ സ്ഥലത്തെ ബഹുനില കെട്ടിടത്തിലാണ് സംഘം റീൽസ് ചിത്രീകരണത്തിൽ ഏർപ്പെട്ടത്. സുരക്ഷാ മുൻകരുതലില്ലാതെ അപകടകരമായ നിലയിൽ റീൽ ചിത്രീകരിച്ചതിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.
റീൽസ് വീഡിയോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടാവിൽ ഇരുവരേയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റുചെയ്തതെന്ന് സീനിയർ ഇൻസ്പെക്ടർ ദർഷിത് പട്ടീൽ പറഞ്ഞു. ഐപിസി 336 വകുപ്പ് ഉൾപ്പടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ആറുമാസം വരെ തടവു കിട്ടാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.