കൊൽക്കത്ത: പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം അധീർ രഞ്ജൻ ചൗധരി രാജിവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിക്കുണ്ടായ തിരിച്ചടി വിലയിരുത്താൻ ചേർന്ന പി.സി.സി യോഗത്തിന് ശേഷമാണ് ചൗധരി രാജി പ്രഖ്യാപിച്ചത്. രാജി സ്വീകരിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ഇത്തവണ കോൺഗ്രസ് ഇടതുപക്ഷത്തോടൊപ്പമാണ് മത്സരിച്ചത്. ‘മല്ലികാര്‍ജുന്‍ ഖാര്‍ഗെ ദേശീയ അധ്യക്ഷനായ ശേഷം സംസ്ഥാന അധ്യക്ഷന്‍ ഇല്ലായിരുന്നു. ഇപ്പോള്‍ ഒരു മുഴുവന്‍ സമയം അധ്യക്ഷനെ നിയമിക്കുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാം മനസ്സിലാകും’ -രാജി പ്രഖ്യാപനത്തിനുശേഷം അധീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ രാജ്യസഭാ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം കഴിഞ്ഞ ദിവസം മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തത് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. മമതയുടെ കടുത്ത വിമര്‍ശകനായ അധീര്‍ ബംഗാളില്‍ ഇടതുപക്ഷത്തോടൊപ്പം സഖ്യമുണ്ടാക്കുന്നതിലായിരുന്നു കൂടുതല്‍ മുന്‍ഗണന നല്‍കിയിരുന്നത്.
മുര്‍ഷിദാബാദിലെ ബഹറാംപുര്‍ മണ്ഡലത്തില്‍നിന്ന് അഞ്ചു തവണ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട അധീര്‍ ചൗധരി ഇത്തവണ തൃണമൂല്‍ സ്ഥാനാര്‍ഥിയും ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താനോട് പരാജയപ്പെട്ടിരുന്നു. തൃണമൂലിനെ ഇൻഡ്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ അധീർ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.