Movie News

മഹാരാഗ്നിയില്‍ കജോളിനും പ്രഭുദേവയ്ക്കുമൊപ്പം സംയുക്തയുമോ!?

പ്രഭുദേവയ്ക്കൊപ്പം മഹാരാഗ്നി ക്വീന്‍ ഓഫ് ക്വീന്‍സില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് കാജോള്‍. ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തിന്റെ കഥപറയുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. ഇപ്പോഴിതാ തെന്നിന്ത്യന്‍ നടി സംയുക്തയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

സംയുക്തയും ചിത്രത്തിന്റെ ഭാഗമാണെന്ന തരത്തിലുളള വാര്‍ത്തകള്‍ പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നടിയുടെ കഥാപാത്രത്തെ കുറിച്ചുളള വിശദാശങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. മഹാരാഗ്നിയില്‍ ഒരു സുപ്രധാന റോളായിരിക്കും സംയുക്ത വഹിക്കുക എന്നാണ് ആരാധകര്‍ പറയുന്നത്.

2016ല്‍ പുറത്തിറങ്ങിയ പോപ്കോണ്‍ എന്ന മലയാള ചിത്രത്തിലൂടെയാണ് സംയുക്ത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഷൈന്‍ ടോം ചാക്കോയുടെ പ്രണയിനിയായാണ് അഭിനയിച്ചത്. നവാഗതനായ ഫെല്ലിനി ടിപി സംവിധാനം ചെയ്ത് വിനി വിശ്വലാല്‍ എഴുതിയ തീവണ്ടി എന്ന ചിത്രമായിരുന്നു സംയുക്തയുടെ ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട സിനിമ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്.

കജോള്‍, പ്രഭുദേവ, നസീറുദ്ദീന്‍ ഷാ, ജിഷു സെന്‍ഗുപ്ത, ആദിത്യ സീല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.’മഹാരാഗ്‌നി: ക്വീന്‍ ഓഫ് ക്വീന്‍സ്’ എന്ന ചിത്രത്തിലൂടെ തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവ് ചരണ്‍ തേജ് ഉപ്പളപതി ഹിന്ദിയില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. 27 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭുദേവയ്‌ക്കൊപ്പം കാജോള്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മഹാരാഗ്‌നി. 1997-ല്‍ പുറത്തിറങ്ങിയ മിന്‍സാര കനവ് എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുളളത്.