വേനൽക്കാലം ആഘോഷമാക്കാൻ ദുബായ് സമ്മർ സർപ്രൈസസിന്റെ (ഡി.എസ്.എസ്.) 27-ാംപതിപ്പ് ഈമാസം 28 മുതൽ സെപ്റ്റംബർ ഒന്നുവരെ നടക്കും. ദുബായ് ഫെസ്റ്റിവൽ ആൻഡ് റീടെയിൽ എസ്റ്റാബ്ലിഷ്മെന്റിന്റെ (ഡി.എഫ്.ആർ.ഇ.) നേതൃത്വത്തിലാണ് 65 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ അരങ്ങേറുക. ഉദ്ഘാടനത്തോടനുബന്ധിച്ച് ലോകോത്തര കലാകാരന്മാർ അണിനിരക്കുന്ന നൃത്ത, സംഗീത പരിപാടികളുണ്ടാകും.
സൗന്ദര്യവർധകവസ്തുക്കൾ, വസ്ത്രം, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിൽ വമ്പിച്ച കിഴിവുകൾ, സമ്മാനങ്ങൾ, വിനോദ ആകർഷണങ്ങളിലേക്ക് കുട്ടികൾക്ക് സൗജന്യ പ്രവേശനം എന്നിങ്ങനെ ഒട്ടേറെ വാഗ്ദാനങ്ങളാണ് ഡി.എസ്.എസ്. നൽകുന്നത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച മോദേഷ് വേൾഡിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികളും സംഘടിപ്പിക്കും.
പുതിയപതിപ്പിലെ പ്രധാന പരിപാടികളുടെ മുഴുവൻ വിവരങ്ങളും അധികൃതർ വരുംദിവസങ്ങളിൽ പുറത്തുവിടും. വൈവിധ്യമാർന്ന വിനോദപരിപാടികളുമായി കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി എമിറേറ്റിലെ വേനൽക്കാലം അവിസ്മരണീയമാക്കുകയാണ് ഡി.എസ്.എസ്. വേനൽക്കാലത്തും എമിറേറ്റിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ 1998-ലാണ് ഡി.എസ്.എസ്. ആരംഭിച്ചത്.