ന്യൂഡൽഹി: വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്ന പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്താൻ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി എത്തുമെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രചരണം തുടങ്ങുന്ന വേളയിൽ മമത വയനാട്ടിലെത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം കൊൽക്കത്തയിൽ വെച്ച് മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പാർലമെന്റിലെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് പിന്തുണ നൽകുന്നത് ഉൾപ്പെടെ, പാർലമെന്റിലെ സഹകരണം സംബന്ധിച്ച് കഴിഞ്ഞ ദിവസം മമത ബാനർജിയും പി ചിദംബരവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഉള്‍പ്പെടെ ചർച്ച നടന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും പാര്‍ട്ടികള്‍ സഖ്യമായാണ് മത്സരിക്കുന്നത്. ഇതിനിടെയാണ് മമത, പ്രിയങ്കക്കായി കേരളത്തില്‍ എത്തുമെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്.
വയനാട് എം.പി. സ്ഥാനം രാജിവെച്ച് രാഹുൽ ഗാന്ധി റായ്ബറേലിയിൽ തുടരുമെന്ന പ്രഖ്യാപനം വന്നതോടെയാണ് ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കയെ വയനാട്ടിലെ സ്ഥാനാർഥിയാക്കാൻ നേതൃത്വം തീരുമാനിച്ചത്. വയനാട്ടിൽ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയിൽ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുൽ ഗാന്ധിയുടെ വിജയം.
ഇതിനിടെ വയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ ഉന്നയിച്ച വിമർശനങ്ങളെ കാര്യമായി കാണുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പ്രതികരിച്ചു. ഇന്ത്യ മുന്നണിയുടെ മര്യാദ പാലിക്കേണ്ടത് കോൺഗ്രസിന്റെ മാത്രം ഉത്തരവാദിത്വമല്ല. മൂന്നര ലക്ഷത്തിലധികം വോട്ടുകൾക്ക് ജയിക്കുമ്പോൾ അവിടെ മത്സരിക്കാൻ കോൺഗ്രസിന് അല്ലാതെ മറ്റാർക്കാണ് അർഹതയെന്ന് അദ്ദേഹം ചോദിച്ചു.