മുംബൈ: രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലമായ ‘അടൽ സേതു’ വിൽ വിള്ളൽ. നവി മുംബൈയിലെ അടൽ ബിഹാരി വാജ്‌പേയി സെവ്രി-നവ സേവ അടൽ സേതു നഗരവുമായി ബന്ധിപ്പിക്കുന്ന സർവീസ് റോഡിലാണ് വിള്ളലുകൾ ഉണ്ടായിരിക്കുന്നത്. അടൽ സേതുവും നഗരവും തമ്മിൽ ബന്ധിപ്പിക്കുന്ന താൽക്കാലിക പാതയാണ് ഈ സർവീസ് റോഡ്.
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമെന്ന വിശേഷണത്തോടെ അഞ്ച് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടൽ സേതു ഉദ്ഘാടനം ചെയ്തത്. പുതുതായി ഉദ്ഘാടനം ചെയ്ത പാലത്തിന് വിള്ളലുണ്ടായത് വിവാദങ്ങൾക്കും അഴിമതി ആരോപണങ്ങൾക്കും കാരണമായിട്ടുണ്ട്.
മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ സ്ഥലം സന്ദർശിച്ച് വിള്ളലുകൾ പരിശോധിക്കുകയും യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉന്നയിക്കുകയും ചെയ്തു. നാമെല്ലാവരും ബഹുമാനിക്കുന്നയാളാണ് അടൽ ബിഹാരി വാജ്‌പേയി. പാലത്തിന് അദ്ദേഹത്തിന് പേരിടുമ്പോള്‍ പോലും ഇവിടെ അഴിമതി നടക്കുന്നു എന്നത് ഖേദകരമാണ്. ഇതെല്ലാം പ്രധാനമന്ത്രി മോദി ശ്രദ്ധിക്കണമെന്ന് നാനാ പടോലെ പറഞ്ഞു.
അതേസമയം, വിമർശനങ്ങൾക്ക് മറുപടിയുമായി MMRDA (മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റി) രംഗത്തെത്തി. അടൽ സേതുവിൽ വിള്ളലുകൾ സംഭവിച്ചുവെന്ന തരത്തിൽ ചില കിംവദന്തികൾ ഉയരുന്നുണ്ടെന്നും പാലത്തിൽ വിള്ളലുകൾ സംഭവിച്ചിട്ടില്ലെന്നും MMRDA വ്യക്തമാക്കി.
മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൽ (MTHL) വിള്ളലുകളുണ്ടെന്ന തരത്തിൽ കിംവദന്തികളാണ് പ്രചരിക്കുന്നത്. അത് പാലത്തിൽ സംഭവിച്ച വിള്ളലുകളല്ല. പാലവുമായി ബന്ധപ്പിക്കുന്ന അപ്രോച്ച് റോഡിലെ വിള്ളലുകളാണ് ദൃശ്യങ്ങളിൽ പ്രചരിക്കുന്നതെന്നും അടൽ സേതുവിനെ അപകീർത്തിപ്പെടുത്തുന്നത് ദയവായി അവസാനിപ്പിക്കണമെന്നും MMRDA വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കിയതിന്റെ അപാകതകൾ മൂലമല്ല വിള്ളലുകൾ ഉണ്ടായതെന്നും അടൽസേതു പാലത്തിന് യാതൊരു തരത്തിലുള്ള ഭീഷണിയുമില്ലെന്നും MMRDA കൂട്ടിച്ചേർത്തു.
വിള്ളൽ സംഭവിച്ചിരിക്കുന്നത് അടൽ സേതു പാലത്തിൽ അല്ലെന്നും സർവീസ് റോഡിലാണെന്നും അടൽസേതു പദ്ധതിയുടെ മേധാവി കൈലാഷ് ഗണത്രയും അറിയിച്ചു. തീരദേശപാതയില്ലാത്തതിനാൽ അവസാനനിമിഷം താത്കാലികമായി ബന്ധിപ്പിക്കുന്ന പാതയായാണ് സർവീസ് റോഡ് നിർമിച്ചതെന്നും അദ്ദേഹം പറഞ്ഞു. മഴയെ തുടർന്നുണ്ടായ ചെറിയ വിള്ളലുകൾ മാത്രമാണെന്നും നാളെ വൈകുന്നേരത്തോടെ ഇവ നികത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈ നഗരത്തെയും നവി മുംബൈയെയും നേരിട്ടു ബന്ധിപ്പിക്കുന്ന 22 കിലോമീറ്റര്‍വരുന്ന കടല്‍പ്പാലം ജനുവരി 13-നാണ് ഗതാഗതത്തിനായി തുറന്നത്. 17,840 കോടി രൂപ ചെലവില്‍ താനെ കടലിടുക്കിന് കുറുകെ മുബൈയേയും നവിമുംബൈയേയും ബന്ധിപ്പിച്ച് നിര്‍മിച്ച പാലത്തിന് 21.8 കിലോമീറ്ററാണ് നീളം. ലോകത്തെ തന്നെ ഏറ്റവും നീളമേറിയ 12-ാമത്തെ പാലമെന്ന റെക്കോര്‍ഡും അടല്‍ സേതു സ്വന്തമാക്കിയിട്ടുണ്ട്.