വയനാട്: തിരുനെല്ലിയില്‍ വിദേശ വനിതയെ റിസോർട്ട് ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. നെതർലൻഡ്സ് സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. വയനാട് സന്ദർശിക്കാനായി എത്തിയ 25കാരിക്ക് നേരെയാണ് അതിക്രമം നടന്നത്.
കഴിഞ്ഞ ഡിസംബറിൽ ഓൺലൈൻ വഴിയുള്ള ബുക്കിങ്ങിലൂടെയാണ് യുവതി തിരുനെല്ലിയിലെ റിസോർട്ടിലെത്തിയത്. തിരുമ്മു ചികിത്സക്കിടെ റിസോർട്ടിലെ ജീവനക്കാരൻ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും അതിക്രമം ചെയ്തുവെന്നുമാണ് യുവതി പരാതിയിൽ പറഞ്ഞത്. നെതർലൻഡ്സില്‍ തിരിച്ചെത്തിയ ശേഷം എഡിജിപിക്ക് ഇ മെയില്‍ വഴി പരാതി അയയ്ക്കുകയായിരുന്നു.
ഈ മാസം 14നാണ് പരാതി നല്‍കിയത്. ഇന്ത്യയില്‍ പരാതി നല്‍കേണ്ട നടപടിക്രമങ്ങള്‍ അറിയാത്തതിനാലാണ് പരാതി നല്കാൻ വൈകിയതെന്നാണ് യുവതി പറയുന്നത്.
എന്നാൽ, പരാതി ലഭിച്ച് ഒരാഴ്ചയായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ വീഴ്ചയില്ലെന്നും പരാതിയിൽ പൂർണവിവരം ഇല്ലാതിരുന്നതാണ് കാലതാമസം നേരിട്ടതെന്നുമാണ് പൊലീസ് പറയുന്നത്.