ചെന്നൈ: തമിഴ്‌നാടിനെ നടുക്കിയ കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 52 ആയി. കരുണാപുരത്ത് വീണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ 50 കടന്നത്. മരിച്ചവരിൽ സ്ത്രീകളും ട്രാൻസ്‌ജെൻഡർ വ്യക്തിയും ഉൾപ്പെടുന്നു.
സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഗുരുതരാവസ്ഥയിലുള്ളവര്‍ ചികിത്സയില്‍ കഴിയുന്നത്. തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം തമിഴ്നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
19-ാം തീയതി വൈകുന്നേരമാണ് മദ്യം വാങ്ങി കഴിച്ചത്. പിന്നാലെ പലരീതിയിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. വയറുവേദന, തലകറക്കം, കണ്ണെരിച്ചിൽ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നതായാണ് വിവരം. രാത്രിയിൽ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പിന്നീട് ഓരോ ആളുകളും മരിച്ചുവീഴുകയായിരുന്നു. കൂടുതൽ ആളുകളെ ഇത് ബാധിച്ചപ്പോഴാണ് വ്യാജ മദ്യം കഴിച്ചാണ് ഇത്തരത്തിൽ ദുരന്തം ഉണ്ടായതെന്ന് അധികൃതർക്കും ബന്ധുക്കൾക്കും മനസിലായത്.
സംഭവത്തിൽ രാജ്ഭവൻ നടപടി ആരംഭിച്ചു. ചീഫ് സെക്രട്ടറിയോട് ഗവർണർ റിപ്പോർട്ട് തേടിയിരുന്നു. മദ്യ വിൽപന നടത്തിയ ഗോവിന്ദരാജ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. വിഷമദ്യ ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങും. ഇതിനിടെ ഫോറൻസിക് പരിശോധനയിൽ മദ്യത്തിൽ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു.
ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. വ്യാജ മദ്യ ദുരന്തത്തിന് പിന്നാലെ ജില്ലാ കലക്ടർ ശ്രാവൺ കുമാറിനെ സ്ഥലം മാറ്റി. കൂടാതെ ജില്ലാ പോലീസ് മേധാവിക്കെതിരെയും നടപടിയെടുത്തു. എസ്പി സമയ്‌സിങ് മീനയെ സസ്‌പെൻഡ് ചെയ്തു. പോലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമർശനവുമായി മദ്രാസ് ഹൈക്കോടതി രംഗത്തെത്തി. വിഷയം സര്‍ക്കാരിന് നിസ്സാരമായി കാണാനാകില്ലെന്നും ഇത് ജീവന്റെ പ്രശ്‌നമാണെന്നും ഹൈക്കോടതി പറഞ്ഞു. നേരത്തെയും സമാന സംഭവങ്ങള്‍ ഉണ്ടായതായി ഹൈക്കോടതി നിരീക്ഷിച്ചു.
മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തിൽ വിഷമദ്യ വില്‍പ്പന തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നൽകി. കഴിഞ്ഞ ഒരു വര്‍ഷം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കോടതി അറിയിച്ചു.