കാബേജ് ഉപയോഗിച്ച് ഒരു പക്ഷേ നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ ഉണ്ടാക്കുന്നത് തോരൻ ആയിരിക്കും. ഇതിനുപുറമേ ആലൂപറാത്ത, വട, ബജി, കൂട്ടുകറികൾ, പച്ചടി, വെജ്–ചൈനീസ് ടോസ്റ്റ്, വെജ് ലോലിപോപ്പ്, പൈ, സ്റ്റാർ ഫ്രൈ, റാപ്പ്, സാലഡ് വിഭവങ്ങളും വ്യത്യസ്തമായി തയ്യാറാക്കാം.
ഇന്ന് വ്യത്യസ്തമായ ഒരു നാലുമണി പലഹാരമാണ് തയ്യാറാക്കാൻ പോകുന്നത്. അരിയും ബീഫും നിറച്ച രുചിയൂറുന്നൊരു സ്റ്റഫ്ഡ് കാബേജ് റോൾ എങ്ങനെയാണ് തയാറാക്കുന്നതെന്നു നോക്കിയാലോ?
ചേരുവകൾ
കാബേജ് – 1
വൈറ്റ് ഒനിയൻ – 2
പാഴ്സലി– 2 കപ്പ്‍
ഡിൽ ലീവ്സ് – 1 കപ്പ്
മിൻസ് ചെയ്ത ബീഫ് – 200 ഗ്രം
വൈറ്റ് റൈസ് – അരക്കപ്പ്
കുരുമുളകുപൊടി
ഒലിവ് ഓയിൽ
ഉപ്പ്
ഡ്രൈ ഒറിഗാനോ – 1 ടേബിൾ സ്പൂൺ
കാരറ്റ് – 2
വൈറ്റ് ഒനിയൻ – 1 കപ്പ്
സെലറി സ്റ്റിക്ക് – 10
മുട്ടയുടെ മഞ്ഞ – 2
കോൺഫ്ലോർ – 2 ടേബിൾ സ്പൂൺ
നാരങ്ങാ നീര് – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
ഒരു പാത്രം വെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പു ചേർത്ത് കാബേജ് മുഴുവനോടെ ഇറക്കി പത്തു മിനിറ്റ് ചെറുതീയിൽ വയ്ക്കണം. ഇങ്ങനെ വേവിച്ചാൽ കാബേജ് ഇലകൾ മൃദുവായിക്കിട്ടും. പിന്നീട് കാബേജ് ഇലകൾ അടർത്തി, ഒരു ബൗളിലാക്കി വയ്ക്കുക.
ഇനി റോളിൽ നിറയ്ക്കാനുള്ള കൂട്ട്
രണ്ട് വൈറ്റ് ഒനിയൻ ചെറുതായി മുറിച്ചത്, രണ്ട് കപ്പ് പാഴ്സലി ചെറുതായി അരിഞ്ഞത്, ഒരു കപ്പ് ഡിൽ ലീവ്സ്, ഒരു ടേബിൾ സ്പൂൺ ഉപ്പ്, കുറച്ച് ഒലിവ് ഓയിൽ എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഈ അരപ്പിലേക്ക് 200 ഗ്രാം മിൻസ് ചെയ്ത ബീഫ്, അരക്കപ്പ് വൈറ്റ് റൈസ്, ഒരു ടീസ്പൂൺ ഉപ്പ്, ആവശ്യത്തിന് കുരുമുളകുപൊടി, ഒലിവ് ഓയിൽ, ഒരു ടേബിൾ സ്പൂൺ ഡ്രൈ ഒറിഗാനോ എന്നിവ ചേർത്ത് സ്പൂൺ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക.
കാബേജ് റോൾസ്
അടർത്തി വച്ചിരിക്കുന്ന കാബേജ് ഇലകളുടെ പുറം തണ്ട് ചെറുതായി മുറിച്ചു കളയാം. തയാറാക്കി വച്ചിരിക്കുന്ന കൂട്ട് നടുവിലായി വച്ച് ഇലകൾ ദീർഘചതുരാകൃതിയിൽ മടക്കിയെടുക്കുക. ഒരു പാനിൽ നാല് കാരറ്റ്, ഒരു കപ്പ് വൈറ്റ് ഒനിയൻ, 10 സെലറി സ്റ്റിക്ക് അതിന് മുകളിലായി അടർത്തിയെടുത്തു
വച്ചിരിക്കുന്ന നാല് കാബേജ് ഇലകൾ എന്നിവ നിരത്തി നികക്കെ വെള്ളം ഒഴിക്കുക. അതിന് മുകളിലായി കാബേജ് റോൾസ് നിരത്തുക. 45 മിനിറ്റ് മൂടി വച്ച് വേവിക്കുക.
സോസ് ഉണ്ടാക്കുന്നതെങ്ങനെ
മുട്ടയുടെ മഞ്ഞ ചേർത്തുള്ള സോസ് ആണ് ഈ വിഭവത്തിന് ഫ്‌ളേവർ നൽകുന്നത്. രണ്ടു മുട്ടയുടെ മഞ്ഞ, രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർ, അരക്കപ്പ് നാരങ്ങാ നീര് എന്നിവ നന്നായി മിക്സ് ചെയ്ത് പാൻ തുറന്ന് വശങ്ങളിൽ കൂടി ഒഴിച്ചു കൊടുക്കാം. പത്തു മിനിറ്റു കൂടി പാകം ചെയ്യണം. ബീഫിന്റെ രുചി ഉള്ളിൽ ഒളിപ്പിച്ച സ്റ്റഫ്ഡ് കാബേജ് റോൾ റെഡി.