Kerala

അഡ്മിഷൻ കിട്ടാത്തത് 14,037 പേർക്ക്, മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടുന്നു, മലപ്പുറത്ത് സീറ്റ് പ്രതിസന്ധി ഇല്ലെന്ന് മന്ത്രി

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാട് തള്ളി എസ്എഫ്ഐ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു

തിരുവനന്തപുരം : മലപ്പുറത്ത് 49,906 പ്ലസ് വൺ സീറ്റുകളിൽ ഇതുവരെ പ്രവേശനം നേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. 10,897 പേർ അലോട്ട്‌മെന്‍റ് കിട്ടിയിട്ടും പ്രവേശനം നേടിയിട്ടില്ല.  എം.എസ്.എഫ് നടത്തുന്നത് പ്ലാൻ ചെയ്ത സമരമാണ്. വിഷയം മാധ്യമങ്ങൾ പർവതീകരിച്ച് ചിത്രീകരിക്കുന്നു. 14,037 പേർ മാത്രമാണ് മലപ്പറുത്ത് ഇനി പ്ലസ്‌വണിന് അഡ്മിഷൻ കാത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ എംഎസ്എഫ് പ്രതിഷേധം തുടരുകയാണ്. മലപ്പുറം ആര്‍.ഡി.ഡി ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കി.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാട് തള്ളി എസ്എഫ്ഐ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഗുരുതര പ്രതിസന്ധി പരിഹരിക്കാൻ അധികബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകിട്ടുണ്ടെന്ന് അഖിലേന്ത്യാ പ്രസിഡന്‍റ് വി.പി സാനു പറഞ്ഞു. പ്രശ്നം പരിഹരിച്ചില്ലങ്കിൽ എസ്എഫ് ഐ സമരത്തിന് ഇറങ്ങുമെന്നും സാനു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.