കഴിഞ്ഞ വർഷം വിദേശനിക്ഷേപം ഏറ്റവും കൂടുതൽ ഒഴുകിയെത്തിയ രാജ്യങ്ങളിൽ ആഗോള തലത്തിൽ യു.എ.ഇക്ക് രണ്ടാം സ്ഥാനം. വിദേശനിക്ഷേപം ലോകത്ത് പൊതുവെ കുറവ് രേഖപ്പെടുത്തിയ വർഷത്തിലാണ് 200 രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കക്കുശേഷം ഏറ്റവും കൂടുതൽ നിക്ഷേപമെത്തിയ രാജ്യമാകാൻ യു.എ.ഇക്ക് സാധിച്ചത്. 2023ൽ മാത്രം 35 ശതമാനം വർധനയാണ് നിക്ഷേപത്തിൽ രേഖപ്പെടുത്തിയത്. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള നിക്ഷേപത്തിൽ അറബ്, പശ്ചിമേഷ്യ, മിഡിലീസ്റ്റ് മേഖലയിൽ ഒന്നാം സ്ഥാനത്താണ് രാജ്യമുള്ളത്.
എല്ലാ തലത്തിലുമുള്ള വിദേശ നിക്ഷേപം പരിഗണിച്ചാൽ ലോകത്ത് 11ാം സ്ഥാനത്താണ് യു.എ.ഇ നിലവിലുള്ളത്. യു.എൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റിന്റെ ലോക നിക്ഷേപ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. റിപ്പോർട്ടിലെ വിവരങ്ങൾ എക്സ് അക്കൗണ്ട് വഴി പുറത്തുവിട്ട യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ലോകത്തെ ഏറ്റവും മികച്ച നിക്ഷേപ അന്തരീക്ഷം ഒരുക്കുന്നത് രാജ്യം തുടരുമെന്ന് വ്യക്തമാക്കി. യു.എ.ഇയിലേക്ക് കഴിഞ്ഞ വർഷം 1323 ഗ്രീൻഫീൽഡ് വിദേശ നിക്ഷേപങ്ങളാണ് എത്തിച്ചേർന്നത്.
ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിലേക്ക് 2152 നിക്ഷേപങ്ങളുമെത്തി. അതേസമയം, യു.കെയിലേക്ക് 1184, ഇന്ത്യയിലേക്ക് 1058, ജർമനിയിലേക്ക് 1036 എന്നിങ്ങനെയാണ് നിക്ഷേപങ്ങളെത്തിയത്. 2022ൽ നാലാം സ്ഥാനത്തായിരുന്നു പട്ടികയിൽ യു.എ.ഇയുടെ സ്ഥാനം. രണ്ട് സ്ഥാനങ്ങൾ മുകളിലേക്ക് ഉയർന്നാണ് നേട്ടം സ്വന്തമാക്കാൻ ഇത്തവണ സാധിച്ചിരിക്കുന്നത്.