ഫാദേഴ്സ് ഡേയോടനുബന്ധിച്ച് പിതാവിനൊപ്പമുള്ള അപൂർവ ചിത്രം പങ്കുവെച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. യു.എ.ഇ രാഷ്ട്രപിതാവ് കൂടിയായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനൊപ്പം കുട്ടിക്കാലത്ത് ഒഴിവ് സമയം പങ്കിടുന്ന ചിത്രമാണ് പങ്കുവെച്ചത്. വെള്ളത്തിൽ പിതാവിനൊപ്പം നീന്താൻ തയാറെടുക്കുന്നതാണ് ചിത്രം.
‘നിങ്ങൾ എക്കാലവും ഞങ്ങളുടെ വഴികാട്ടിയും പിതാവും രാജ്യത്തിന്റെ അടയാളവുമായിരിക്കു’മെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് ശൈഖ് മുഹമ്മദ് എക്സ് അക്കൗണ്ടിൽ കുറിച്ചു. ജൂൺ 21നാണ് യു.എ.ഇയിൽ പിതൃദിനം ആചരിച്ചുവരുന്നത്. മുൻ വർഷങ്ങളിലും ഈ ദിവസങ്ങളിൽ ശൈഖ് മുഹമ്മദ് പിതാവിനെ അനുസ്മരിക്കുന്ന കുറിപ്പുകളും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. കഴിഞ്ഞ വർഷം ശൈഖ് സായിദിനൊപ്പം കുട്ടിക്കാലത്ത് ഇരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരുന്നത്