ചോറിനൊപ്പം സാമ്പാർ കഴിക്കാൻ ഇഷ്ടമാണോ? എന്നും നിങ്ങൾ ഒരേ തരത്തിലുള്ള സാമ്പാർ ആണോ കഴിക്കുന്നത്? എന്നാൽ ഇന്നൊന്നു മാറ്റി പിടിച്ചാലോ.. വറുത്തരച്ച വൻപയർ സാമ്പാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
വൻ പയർ – 1 കപ്പ്
ചുവന്നുളളി – ഒരു കൈപ്പിടി
മുരിങ്ങക്കായ – 1
ഉരുളക്കിഴങ്ങ് (ഇടത്തരം വലിപ്പം)-2
തക്കാളി – 1
സവാള – 1
പുളി – നെല്ലിക്ക വലുപ്പം
മഞ്ഞൾ പൊടി – ¼ ടീസ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
വെള്ളം – 3 കപ്പ് + 1¼ കപ്പ്
ഉപ്പ് – ആവശ്യത്തിന്
അരപ്പ് തയ്യാറാക്കാൻ
തേങ്ങ ചിരകിയത് – 1 കപ്പ്
ചുവന്നുള്ളി – 3
മുഴുവൻ മല്ലി – 1 ടേബിൾസ്പൂൺ
ഉണക്ക മുളക് – 7-8 എണ്ണം
ചെറിയ ജീരകം – ½ ടീസ്പൂൺ
മഞ്ഞൾ പൊടി – ½ ടീസ്പൂൺ
കറിവേപ്പില – 1 തണ്ട്
വെളിച്ചെണ്ണ – 2 ടീസ്പൂൺ
താളിക്കാൻ
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉണക്ക മുളക് – 2
ചുവന്നുള്ളി (അരിഞ്ഞത്) – 5
കറി വേപ്പില – 1
തയാറാക്കുന്ന വിധം
അടി കട്ടി ഉള്ള ചീനച്ചട്ടിയിൽ , കഴുകിയ വൻ പയർ ഇട്ടു കരിഞ്ഞു പോകാതെ വറുത്ത് തണുക്കാനായി മാറ്റി വെക്കുക . ചീനച്ചട്ടി ചൂട് ആക്കി മീഡിയം ഫ്ളെയിമിൽ 1 കപ്പ് ചിരവിയതിട്ട് 1 മിനിറ്റ് വറുക്കുക. അതിലേക്ക് 2 ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് ഇളക്കുക. അതിനു ശേഷം ചുവന്നുള്ളി, കറി വേപ്പില, ചെറിയ ജീരകം, മല്ലി, ഉണക്ക മുളക് കീറിയതും ഇട്ടു തേങ്ങ ബ്രൗൺ നിറമാകുന്നതു വരെ വറുക്കുക. പിന്നീട് ലോ ഫ്‌ളെയിമിലേക്ക് മാറ്റി ½ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് വഴറ്റി സ്വിച്ച് ഓഫ് ചെയ്യുക. ഇത് ചൂടാറിയതിനു ശേഷം മിക്സിയിൽ ഇട്ടു പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കുക.
ഒരു നോൺ സ്റ്റിക് കടായിയിൽ 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് കഴുകിയ ചുവന്നുള്ളിയും, ഉരുളക്കിഴങ് കട്ടിയിൽ നുറുക്കിയതും മുരിങ്ങക്കായ അരിഞ്ഞതും ഇട്ടു വെള്ളം വറ്റുന്നത് വരെ ഇളക്കി കൊടുക്കുക. പിന്നീട് അതിലേക്ക് ഒരു സവാളയും ¼ ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു തക്കാളി അരിഞ്ഞതും ചേർത്ത് 2 മിനിറ്റ് ഇളക്കി സ്വിച്ച് ഓഫ് ചെയ്യുക. ഇനി ഒരു കുക്കറിലേക്ക് 3 കപ്പ് വെള്ളവും വറുത്ത പയറും ¼ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. പയർ അധികം കുഴഞ്ഞു പോകാതെ വേവിച്ച് എടുക്കുക. പ്രഷർ പോയ ശേഷം പയറിന്റെ വേവ് നോക്കുക.
വീണ്ടും സ്റ്റൗവ് ഓൺ ചെയ്‌ത ശേഷം പയർ തിളച്ചു വരുമ്പോൾ, വാട്ടി വച്ച പച്ചക്കറികൾ ചേർത്ത് കൊടുക്കുക. അതിലേക്ക് 1 കപ്പ് തിളച്ച വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കർ അടച്ചു 1 വിസിൽ കൊടുത്തു വേവിക്കുക. പ്രഷർ പോയ ശേഷം, തുറന്ന് അതിലേക്കു അരപ്പു ചേർത്ത് കൊടുക്കുക. തിളച്ചു വരുമ്പോൾ, പുളി ¼ കപ്പ് വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞതു ആവശ്യത്തിന് ഒഴിച്ച് കൊടുക്കാം. ഈ കറിയിൽ പുളി ഒരൽപ്പം മുന്നിട്ടു നിൽക്കണം. കറി തിളച്ചു വരുമ്പോൾ ലോ ഫ്ളെയിമിൽ ഇട്ടു മൂടി വെച്ച്, കറി ഒന്ന് കുറുകി വരുന്നത് വരെ വേവിച്ചു സ്വിച്ച് ഓഫ് ചെയ്യുക. ഇനി കറിയിലേക്ക് താളിച്ചു ഒഴിക്കാം. ഒരു കടായി ചൂടാക്കി അതിലേക്ക് ഒരു ടേബിൾ-സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. അത് ചൂടായി വരുമ്പോൾ, അതിലേക്കു ഒരു ടീ-സ്പൂൺ കടുകും, രണ്ട് ഉണക്ക മുളക് കീറിയതും, നാലു ചുവന്നുള്ളി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും ചേർത്ത് താളിച്ചു ചേർക്കാം. അതിനു ശേഷം സെർവിങ് പ്ലേറ്റിലേക്കു മാറ്റാം.