ആഗോള സൈബർ സുരക്ഷാ റാങ്കിങ്ങിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്. സ്വിസ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് (ഐ.എം.ഡി) പ്രസിദ്ധീകരിച്ച ‘2024 വേൾഡ് കോംപറ്റിറ്റീവ്നെസ് ഇയർബുക്കി’ലാണ് ഈ വെളിപ്പെടുത്തൽ. സൈബർ സുരക്ഷാനിയമത്തിലെ കർക്കശ നിലപാടാണ് സൗദിയുടെ ഈ നേട്ടത്തിന് കാരണം.
സൗദി നാഷനൽ സൈബർ സെക്യൂരിറ്റി അതോറിറ്റി (എൻ.സി.എ) ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. മുസൈദ് അൽ ഐബാൻ ഈ നേട്ടത്തിൽ സൗദി ഭരണകൂടത്തെ അഭിനന്ദിച്ചു. ‘സൗദി വിഷൻ 2030’ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിലെ പ്രതിബദ്ധതയുടെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ മാർഗനിർദേശവും നിരന്തരമായ ഫോളോ അപ്പുമാണ് ഈ വിജയത്തിലേക്ക് നയിച്ചതെന്നും ഡോ. അൽ ഐബാൻ ചൂണ്ടിക്കാട്ടി.
സൈബർ കുറ്റകൃത്യം തടയൽ നിയമം സൗദി പബ്ലിക് പ്രോസിക്യൂഷൻ വളരെ ശക്തമായാണ് രാജ്യത്ത് നടപ്പാക്കുന്നത്. ദേശീയ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാനും സൈബർ കുറ്റകൃത്യങ്ങൾ കുറക്കാനും ഈ കർശന നിയമസംഹിതയിലുടെ കഴിഞ്ഞു. ഇൻറർനെറ്റിന്റെയും വിവര സാങ്കേതിക ശൃംഖലകളുടെയും നിയമാനുസൃതമായ ഉപയോഗത്തിൽനിന്ന് ഉണ്ടാവുന്ന അവകാശങ്ങൾ വകവെച്ചുനൽകാൻ കഴിഞ്ഞതും നേട്ടമാണ്.