തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എക്സൈസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കാന്‍ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍ദ്ദേശിച്ചു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന അയല്‍സംസ്ഥാനത്ത് നടന്ന ദുരന്തത്തെ അതീവ ഗൌരവത്തോടെ പരിഗണിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ ചെക്ക് പോസ്റ്റുകളിലും അതിര്‍ത്തി മേഖലയിലും വിപുലമായ നിരീക്ഷണവും പരിശോധനയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശിച്ചു.
ആവശ്യമുള്ള ചെക്ക്പോസ്റ്റുകളില്‍ കൂടുതല്‍ ജീവനക്കാരെ താത്കാലികമായി നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും നിരീക്ഷിക്കുകയും, സംശയമുള്ളവ പരിശോധിക്കുകയും ചെയ്യും. അതിര്‍ത്തി പ്രദേശത്തെ ഇടറോഡുകളിലേക്കും നിരീക്ഷണം വ്യാപിപ്പിക്കും. നാല് ജില്ലകളിലെ സംസ്ഥാന അതിര്‍ത്തികളില്‍ നിയോഗിച്ച കേരളാ എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിന്റെ (sIap) പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. ഇതിന് പുറമേ അതിര്‍ത്തി പ്രദേശത്ത് കൂടുതല്‍ പട്രോളിംഗ് യൂണിറ്റുകളെയും വിന്യസിക്കും.
അതിര്‍ത്തി പ്രദേശത്തെ എല്ലാ എക്സൈസ് യൂണിറ്റുകളും ചെക്ക്പോസ്റ്റുകളുമായുള്ള ഏകോപനത്തോടെ പ്രവര്‍ത്തിക്കും. ഹൈവേ പട്രോളിംഗ് ടീമിന്റെ വാഹന പരിശോധനയും വിപുലമാക്കും. മന്ത്രിയുടെ നിര്‍ദേശപ്രകാരം എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ജില്ലാ മേധാവിമാര്‍ മുതല്‍ മുകളിലേക്കുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സ്പിരിറ്റ്, വ്യാജമദ്യ കേസുകളില്‍ മുന്‍കാലത്ത് പ്രതികളായിട്ടുള്ളവരുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കര്‍ശനമായി നിരീക്ഷിക്കും. മുന്‍പ് വ്യാജമദ്യ ദുരന്തങ്ങള്‍ നടന്നിട്ടുള്ള മലപ്പുറം, കൊല്ലം തുടങ്ങിയ ജില്ലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തും.
വ്യാജമദ്യ വില്‍പ്പന നടക്കുന്നില്ല എന്നും, സ്പിരിറ്റോ മറ്റ് അനധികൃത വസ്തുക്കളോ കള്ളില്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്നില്ല എന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാരുടെ ചുമതലയിലുള്ള പരിശോധനകളിലൂടെ ഉറപ്പുവരുത്തും. സംശയമുള്ള സ്ഥാപനങ്ങളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് മേഖലാ മൊബൈല്‍ ലാബില്‍ പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കും. കൂടുതലായി ചെത്തുന്നയിടങ്ങളില്‍ നിന്നും പെര്‍മ്മിറ്റ് പ്രകാരം കൊണ്ടുവരുന്ന കള്ള് പ്രത്യേകം പരിശോധിക്കും.
പെര്‍മ്മിറ്റ് പ്രകാരം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റും വിദേശമദ്യവും എത്തിക്കുന്ന വാഹനങ്ങള്‍ രേഖകളും സുരക്ഷാ സംവിധാനവും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തി മാത്രമേ സംസ്ഥാനത്ത് പ്രവേശിപ്പിക്കൂ. ഈ സ്പിരിറ്റിന്റെ ദുരുപയോഗം തടയാനും ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തും. പൊലീസ്, വനം, മോട്ടോര്‍ വാഹനവകുപ്പ് തുടങ്ങി വിവിധ സേനകളുമായി ചേര്‍ന്നും വിപുലമായ പരിശോധനകള്‍ അതിര്‍ത്തി പ്രദേശത്ത് എക്സൈസ് ഏകോപിപ്പിക്കും. എക്സൈസിന്റെ നേതൃത്വത്തില്‍ നടക്കുന്ന എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പൊതുജനങ്ങളുടെയും സഹകരണം മന്ത്രി അഭ്യര്‍ഥിച്ചു.