കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നേരെ കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നിന്നും ബീച്ചിലേക്ക് പോകുന്നതിനിടെയായിരുന്നു പ്രതിഷേധം.
സംഭവത്തിൽ കരിങ്കൊടി കാണിച്ച എട്ട് കെ.എസ്.യു പ്രവർത്തകരെയും നാല് എം.എസ്.എഫ് പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തുനീക്കി. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഹോട്ടലിൽ ഉണ്ടായിരുന്ന കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് ഉൾപ്പടെയുള്ളവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ, സ്ഥലത്തുണ്ടായിരുന്ന മറ്റ് പ്രവർത്തകർ കരിങ്കൊടിയും പ്രതിഷേധ പോസ്റ്ററുകളുമായി തെരുവിലിറങ്ങുകയായിരുന്നു.
കോഴിക്കോട് എൻ.ജി.ഒ. യൂണിയന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. ഗസ്റ്റ് ഹൗസിൽനിന്ന് ബീച്ചിലെ സമ്മേളന നഗരിയിലേക്ക് പോകുന്നതിനിടെ വെസ്റ്റ്ഹില്ലിൽ വെച്ചാണ് കെ.എസ്.യു, എം.എസ്.എഫ്. പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരേ കരിങ്കൊടി കാണിച്ചത്.
ഇതിനു സമീപത്തായി നിന്ന വിദ്യാർഥികളെ പോലീസിന് തിരിച്ചറിയാൻ കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയപ്പോൾ കരിങ്കൊടിയുമായി ഇവർ ചാടിവീഴുകയായിരുന്നു. ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കെഎസ്യു പ്രവർത്തകരെയും രണ്ട് എംഎസ്എഫ് പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തതായാണ് വിവരം.