ചെന്നൈ: കള്ളാക്കുറിച്ചിയിൽ വിഷമദ്യം ആളുകൾക്ക് വിതരണം ചെയ്തയാൾ അറസ്റ്റിൽ. ചിന്നദുരൈ എന്നയാളാണ് അറസ്റ്റിലായത്. ഇയാളാണ് കരുണാപുരത്തിലേക്ക് വിഷമദ്യം കൊണ്ടുവന്നതെന്നാണ് സൂചന.
അതേസമയം, കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 55 ആയി. കരുണാപുരത്ത് വീണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ 50 കടന്നത്.
സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായവും ദുരന്തത്തിൽ അച്ഛനമ്മമാർ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സർക്കാർ ഏറ്റെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വിഷമദ്യം കുടിച്ചവർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്ന ദൃശ്യങ്ങളും റിപ്പോർട്ടറിന് ലഭിച്ചിരുന്നു. അറസ്റ്റിലായ ഗോവിന്ദരാജൻ്റെ കടയിൽ നിന്ന് വാങ്ങിയ മദ്യം വീട്ടിലുണ്ടായിരുന്നുവെന്നും അറിയാതെ കുടിച്ചെന്നും കരുണാപുരം സ്വദേശിയായ യുവാവ് പറഞ്ഞു. ഇയാളുടെ അമ്മ വിഷമദ്യം കഴിച്ച് മരണപ്പെട്ടിരുന്നു. ബന്ധുകളിൽ ചിലർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമാണ് യുവാവ് കരുണാപുരത്ത് എത്തിയത്. വീട്ടിൽവെച്ച് ബന്ധുക്കൾ വാങ്ങിവെച്ച രണ്ട് മദ്യപാക്കറ്റുകൾ കാണുകയും അറിയാതെ കുടിക്കുകയായിരുന്നു എന്ന് യുവാവ് പറഞ്ഞു. തുടർന്ന് ഇന്നലെ വൈകിട്ടോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. യുവാവിനെ ആരോഗ്യ പ്രവർത്തകർ എത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വ്യാജമദ്യം കഴിച്ച 165 പേരാണ് കള്ളാക്കുറിച്ചി, ജിപ്മർ, സേലം, മുണ്ടിയമ്പാക്കം എന്നീ സർക്കാർ ആശുപത്രികളിലായി കഴിഞ്ഞ ദിവസം ചികിത്സ തേടിയത്. ചികിത്സയിലുള്ള 30 പേരുടെ നിലഗുരുതരമാണെന്നും കളക്ടർ അറിയിച്ചു.
ജില്ലയിൽ വ്യാജമദ്യ വില്പന തടയാൻ പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ടെന്നും ശക്തമായ നടപടികൾക്ക് നിർദേശം നൽകിയതായും കളക്ടർ മാധ്യമപ്രവർത്തകരോടു പറഞ്ഞു.