തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ മിൽമയിൽ സമരം നടത്തും. തിങ്കളാഴ്ച രാത്രി 12 മുതൽ മിൽമയുടെ എല്ലാ യൂണിറ്റുകളിലും സമരം നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു.
ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് മിൽമ മാനേജ്മെന്റിന് നോട്ടീസ് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടർ ബോർഡ് ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു.
നാളെ അഡീഷണൽ ലേബർ കമ്മിഷൻ യൂണിയൻ ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിൽ ധാരണയായില്ലെങ്കിൽ പണിമുടക്കുമായി മുന്നോട്ടുപോകും.
2023ൽ പുതിയ ശമ്പള പരിഷ്കരണ കരാർ ഒപ്പുവെച്ചിരുന്നെങ്കിലും ഇത് നടപ്പിലാക്കിയില്ല. തുടർന്നാണ് തൊഴിലാളി സംഘടനകൾ പണിമുടക്കിലേക്ക് കടക്കുന്നത്. പാൽ ശേഖരണവും വിതരണവും തടസപ്പെടും. സംയുക്ത ട്രേഡ് യൂണിയൻ യോഗത്തിലാണ് പണിമുടക്കിലേക്ക് കടക്കുന്നത് സംബന്ധിച്ച് തീരുമാനമായത്.
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, ജനറൽ സെക്രട്ടറി ഭുവനചന്ദ്രൻ നായർ, സിഐടിയു ജനറൽ സെക്രട്ടറി ബാബു, വൈസ് പ്രസിഡന്റ് ബിജു, എഐടിയുസി നേതാക്കളായ കെ പി രാജേന്ദ്രൻ, മോഹൻദാസ്, തിരുവല്ലം മധുസൂദനൻനായർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.