കോഴിക്കോട്: തൃശ്ശൂരിൽ ബിജെപിയെ പിന്തുണച്ചവര്‍ ഇനിയെങ്കിലും ചെയ്തത് ശരിയായോ എന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ബിജെപി സീറ്റ് നേടിയത് ഗൗരവത്തോടെ പരിശോധിക്കണം. ഇതിന് പല ഘടകങ്ങളുണ്ട്. വിവിധ വിഭാഗങ്ങൾ പിന്തുണച്ചതും പരിശോധിക്കണം. ബിജെപിയെ പിന്തുണച്ചവരോട് ശത്രുതയില്ല, എന്നാൽ അവര്‍ കൃത്യമായ നിലപാട് സ്വീകരിക്കണം. നാടിൻ്റെ സംസ്കാരത്തിന് ചേര്‍ന്നതല്ല ഈ നിലപാടെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തിൽ ബിജെപിയും കോൺഗ്രസും സമവായത്തിലാണെന്നും തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ കൂട്ടായ്മക്കാണ് സിപിഐഎം ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുസ്ലിം ലീഗിനെയും മുഖ്യമന്ത്രി വിമർശിച്ചു. ജമാഅത്ത ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും മുഖമായി മുസ്ലിം ലീഗ് മാറിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. നാല് വോട്ടിന് വേണ്ടി കൂട്ട് കൂടാൻ പറ്റാത്തവരുമായി ലീഗ് കൂട്ട് കൂടിയെന്നും വിമർശനം. മുസ്ലിം ലീഗിന് മുഖം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വലതുപക്ഷം വ്യത്യസ്ത ചേരികളിൽ ഏറ്റുമുട്ടുന്ന സ്ഥിതിയാണ് കേരളത്തിന് പുറത്ത്. എന്നാൽ അവരെല്ലാം കേരളത്തിൽ ഒന്നിക്കുന്നു. കേരളത്തിൽ എന്തെങ്കിലും പ്രത്യേകതരം വികാരമില്ല. കേരളത്തിൽ ഇടതുപക്ഷത്തിന്റെ ജനസ്വാധീനം നഷ്ടപ്പെടുത്താനാണ് വലതുപക്ഷത്തിന്റെ ശ്രമം. നാല് വോട്ട് ഇങ്ങ് പോരട്ടെ എന്നല്ല ഇടത് നിലപാട്. നാടിന്റെ ക്ഷേമമാണ് ഇടതുപക്ഷത്തിൻ്റെ ലക്ഷ്യം.
കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കിയെന്നും മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത പ്രശ്നം ഇവിടെ സൃഷ്ടിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥ തകരാറിലാക്കാൻ ശ്രമിക്കുന്ന ബിജെപിയെ തടയാൻ സംസ്ഥാനങ്ങളുടെ പ്രത്യേകത വച്ച് കൂട്ടായ്മ ശക്തിപ്പെടണം എന്നായിരുന്നു എൽഎഡിഎഫ് തിരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.