ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ മുഖ്യസൂത്രധാരൻ ഉത്തർപ്രദേശിൽ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ആണ് മുഖ്യസൂത്രധാരനായ രവി അത്രിയെ പിടികൂടിയത്. കേസിൽ ബിഹാർ പൊലീസ് അന്വേഷണ റിപ്പോർട്ട് കൈമാറി. പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗമാണ് വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകിയത്.
റിപ്പോർട്ടിൽ കേസിൽ അറസ്റ്റിലായ 13 പേരുടെ മൊഴികളും വിശദാംശങ്ങളും ഉണ്ട്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പണമിടപാടിന്റെ വിശദാംശങ്ങളും കൈമാറി. കത്തിയ ചോദ്യപേപ്പറുകൾ, പാസ്ബുക്കുകൾ എന്നിവയുടെ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. അതേസമയം എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതിയെ രൂപീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എൻടിഎയുടെ പ്രവർത്തനം, പരീക്ഷാ നടത്തിപ്പിലെ പരിഷ്‌കരണം എന്നിവയിൽ ശിപാർശ നൽകും.
രണ്ടുമാസത്തെ സമയമാണ് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് അനുവദിച്ചിരിക്കുന്നത്. ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ കെ. രാധാകൃഷ്ണനാണ് സമിതി അധ്യക്ഷൻ. എയിംസ് മുൻ ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ പ്രൊ. ബി.ജെ. റാവു, ഐ.ഐ.ടി. മദ്രാസിലെ അധ്യാപകനായിരുന്ന കെ. രാമമൂർത്തി, പീപ്പിൾ സ്‌ട്രോങ് സഹസ്ഥാപകനും കർമയോഗി ഭാരത് ബോർഡ് അംഗവുമായ പങ്കജ് ബൻസാൽ, ഡൽഹി ഐ.ഐ.ടി. ഡീൻ ആദിത്യ മിത്തൽ എന്നിവർ അംഗങ്ങളാണ്. കേന്ദ്ര വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാൾ സമിതിയുടെ മെമ്പർ സെക്രട്ടറിയാണ്.
ഇതിനിടെ, എന്തുകൊണ്ട് പരീക്ഷ റദ്ദാക്കിയില്ല എന്നതിന് വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി. ചോദ്യപേപ്പർ ചോർച്ച ചുരുക്കം ചില വിദ്യാർഥികളെ മാത്രമാണ് ബാധിച്ചതെന്നും റദ്ദാക്കിയാൽ അത് ലക്ഷക്കണക്കിന് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
‘2004, 2015 കാലത്തെ പോലെ വ്യാപകമായ പ്രശ്നങ്ങൾ ഇത്തവണ ഉണ്ടായിട്ടില്ല. അന്ന് വ്യാപകമായി പ്രശ്നങ്ങൾ ഉയർന്നതിനാലാണ് പരീക്ഷകൾ റദ്ദാക്കിയത്. എന്നാൽ ഇപ്പോഴത്തെ നീറ്റ് ചോദ്യ പേപ്പർ ചോർച്ച ചില പ്രദേശങ്ങളിലെ വിദ്യാർഥികളെ മാത്രം ബാധിക്കുന്നതാണ്. പരീക്ഷ റദ്ദാക്കിയാൽ ശരിയായ വഴിയിൽ കൂടി പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളെ അത് ബാധിക്കും’ – ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കേസ് സുപ്രീം കോടതിയുടെ മുൻപിലാണെന്നും, കോടതിയുടെ വിധിയായിരിക്കും അന്തിമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ നാലിന് പ്രസിദ്ധീകരിച്ച നീറ്റ് പരീക്ഷാ ഫലത്തിൽ വൻതോതിൽ ക്രമക്കേടുകളുണ്ടെന്നാണ് ഉയർന്ന ആരോപണം. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ചോദ്യപേപ്പർ ചോർച്ച കണ്ടെത്തുകയും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. നീറ്റ് പരീക്ഷയിൽ 67 വിദ്യാർഥികൾ 720-ൽ 720 മാർക്ക് നേടിയിരുന്നു. ഇതിൽ ആറ് വിദ്യാർഥികൾ ഹരിയാണയിലെ ഒരു സെന്ററിൽ നിന്നുള്ളവരായിരുന്നു. ഗ്രേസ് മാർക്കിനെച്ചൊല്ലിയും വൻതോതിൽ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ പരീക്ഷ റദ്ദാക്കുന്നതിലേക്ക് നീങ്ങിയിരുന്നില്ല.
അതേസമയം, യു.ജി.സി. നെറ്റിലും സമാന പ്രശ്നം ചൂണ്ടിക്കാട്ടി പരീക്ഷ റദ്ദാക്കിയിരുന്നു. പരീക്ഷ കഴിഞ്ഞതിന്റെ തൊട്ടുപിന്നാലെയായിരുന്നു റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.