ലോകപിതൃദിനത്തിൽ തടവുകാരന് തന്റെ എട്ടുമാസംപ്രായമുള്ള കുട്ടിയെ ആദ്യമായി കാണാൻ അവസരമൊരുക്കി റാസൽഖൈമ പോലീസ്. കുട്ടിയെ ചേർത്തുപിടിച്ച തടവുകാരന്റെ ചിത്രം അധികൃതരാണ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. തടവുകാരന്റെ ഭാര്യയും മൂത്തകുട്ടികളും വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷികളായി. അത്യപൂർവ നിമിഷങ്ങൾ സമ്മാനിച്ചതിന് തടവുകാരന്റെ ഭാര്യ പോലീസിനോട് നന്ദിപറഞ്ഞു.
കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനാണ് പിതൃദിനത്തിൽ ഇത്തരമൊരു അവസരമൊരുക്കിയതെന്ന് പോലീസിലെ പീനൽ ആൻഡ് റിഫോർമേറ്റീവ് ഫൗണ്ടേഷൻ മാനേജ്മെന്റ് ഡയറക്ടർ കേണൽ അബ്ദുള്ള അൽ-ഹയ്മർ പറഞ്ഞു. കുടുംബാംഗങ്ങളുടെയും തടവുകാരുടെയും മാനസിക സമ്മർദം ഒഴിവാക്കാൻ ഇത്തരംസംരംഭങ്ങൾ സഹായിക്കും.
തടവുകാർക്ക് അവരുടെ കുടുംബാംഗങ്ങളെ കാണാൻ ഇതിനുമുമ്പും പലതവണ പോലീസ് സൗകര്യമൊരുക്കിയിട്ടുണ്ട്. ജനുവരിയിൽ തടവുകാരനായ പിതാവിന്റെ സാന്നിധ്യത്തിൽ വിവാഹിതയാകണമെന്ന അറബ് യുവതിയുടെ ആഗ്രഹം പോലീസ് സാക്ഷാത്കരിച്ചിരുന്നു.