ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരൻ വാങ്ങിയ ഭക്ഷണത്തിൽ ചത്ത തവള. ആലപ്പുഴ സ്വദേശി വാങ്ങിയ വടയ്ക്കൊപ്പം ലഭിച്ച ചട്ണിയിലാണ് ചത്ത തവളയെ കണ്ടത്.
ആലപ്പുഴ സ്വദേശി ഷൊർണൂരിലെ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി സ്റ്റേഷനിലെ ഒരു കടയിൽ നിന്ന് വടയും ചട്ണിയും വാങ്ങിച്ചിരുന്നു. ഇതിൽ ചത്ത തവളയെ കാണുകയും യാത്രക്കാരൻ പരാതി നൽകുകയുമായിരുന്നു. സംഭവത്തിൽ കരാറുകാരനെതിരേ റെയിൽവേയുടെ ആരോഗ്യവിഭാഗം നടപടിയെടുത്തിട്ടുണ്ട്. പിഴ ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്ത ദമ്പതികൾക്ക് നൽകിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായി പരാതി ലഭിച്ചിരുന്നു. ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള വന്ദേഭാരത് എക്സിപ്രസിലാണ് ദമ്പതികൾക്ക് ദുരനുഭവം ഉണ്ടായത്. ഇവരുടെ സഹോദര പുത്രൻ വിദിത് വർഷിണി എക്സിൽ കുറിപ്പിട്ടതോടെയാണ് സംഭവത്തെ കുറിച്ച് പുറത്തറിഞ്ഞത്.