മത്തങ്ങ ധാരാളം ആരോഗ്യഗുണങ്ങൾ ഒത്തിണങ്ങിയ ഒന്നാണ്. മത്തങ്ങ കൊണ്ടു ഒരു ഉപ്പേരി തയാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി ഈ ഉപ്പേരി തയാറാക്കാം
ചേരുവകൾ
മത്തങ്ങ കഷ്ണങ്ങൾ – ½ കിലോഗ്രാം
സവാള – 2 എണ്ണം ചതുരത്തിലരിഞ്ഞത്
വെളുത്തുള്ളി – 5 അല്ലി ചതച്ചത്
പച്ചമുളക് – ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
വെള്ളം – ½ കപ്പ്
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ + 1 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – ½ ടീസ്പൂൺ
ഗരംമസാലപ്പൊടി – 1 ടീസ്പൂൺ
വിനാഗിരി – 1½ ടേബിൾസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിൽ മത്തങ്ങാ കഷ്ണങ്ങൾ ഉപ്പും മഞ്ഞൾപ്പൊടിയും വെള്ളവും ചേർത്ത് അടച്ചുവച്ച് രണ്ടുമൂന്നു മിനിറ്റ് നേരം ഇടത്തരം തീയിൽ വേവിച്ചെടുക്കാം. കഷ്ണങ്ങൾ വെന്ത് ഉടയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ചെറുതായി ചൂടാറാൻ മാറ്റിവയ്ക്കാം.
ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ചേർത്തു കുറഞ്ഞ തീയിൽ വഴറ്റി എടുക്കാം. ഇനി കുരുമുളകുപൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി എന്നിവ ചേർത്തു മസാലകളുടെ പച്ചമണം മാറുന്നതുവരെ വഴറ്റിയെടുക്കാം. വിനാഗിരി ഒഴിച്ച് ഇളക്കിയ ശേഷം വേവിച്ചുവച്ച മത്തങ്ങാ കഷ്ണങ്ങൾ ചേർത്തു ഇളക്കിയെടുക്കാം. കുറച്ചു കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും കൂടി ചേർത്ത് ഇളക്കി എടുക്കാം.