Food

മീന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ?

ചോറും മീന്‍ കറിയും മലയാളികള്‍ക്കിഷ്ടപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ്. മീന്‍ ഏറെ ആരോഗ്യദായകമായ ഭക്ഷണങ്ങളില്‍ ഒന്നുകൂടിയാണ്. മഗ്‌നീഷ്യം, കാല്‍സ്യം, ഇരുമ്പ്, അയഡിന്‍, സിങ്ക്, പൊട്ടാസ്യം, ചെമ്പ്, മാംഗനീസ്, സെലീനിയം, സ്ട്രോണ്‍ഷ്യം എന്നീ ധാതുലവണങ്ങളും എ, ഡി, ബി കോംപ്ലക്‌സ് എന്നീ ജീവകങ്ങളും മത്സ്യത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാല്‍ എല്ലാ ദിവസവും മാര്‍ക്കറ്റില്‍ മീന്‍ ലഭിക്കണമെന്നില്ല. അങ്ങനെ വരുമ്പോള്‍, മത്സ്യം വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണ് പലരും.

എന്നാല്‍ മീന്‍ എങ്ങനെയാണ് കേടു വരാതെ സൂക്ഷിക്കേണ്ടത് എന്ന കാര്യത്തില്‍ പലര്‍ക്കും സംശയങ്ങള്‍ കാണും. മീന്‍ വൃത്തിയാക്കി ഉപ്പു വെളളത്തില്‍ കഴുകി ഫ്രീസറില്‍ വച്ചാല്‍ ഫ്രഷ്‌നസോടെ ഇരിക്കും. വായു സഞ്ചാരമില്ലാത്ത പാത്രത്തില്‍ വേണം മീന്‍ സൂക്ഷിക്കാന്‍. മീന്‍ വിനാഗിരി വെളളത്തില്‍ കഴുകി സൂക്ഷിച്ചാല്‍ ഒരു മാസം വരെ കേടാകാതെയിരിക്കും.

ഒരു ചട്ടിയെടുത്ത് അതില്‍ വെള്ളം നിറച്ച് കുറച്ച് ഉപ്പ് ചേര്‍ത്ത് നന്നായി അലിയിച്ചെടുത്ത് വൃത്തിയാക്കിയ മീന്‍ 5 മിനിറ്റ് ഇതില്‍ മുക്കി വെയ്ക്കുക ശേഷം മീന്‍ കഷ്ണങ്ങള്‍ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. മീനില്‍ നന്നായി മസാല തേച്ചുപിടിപ്പിച്ചതിനു ശേഷം ഒരു എയര്‍ ടൈറ്റ് കണ്ടെയ്‌നറില്‍ സ്റ്റോര്‍ ചെയ്യുക.

0-4 ഡിഗ്രി സെല്‍ഷ്യസില്‍ വേണം മീന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍. കൂടാതെ ഓരോ തവണ ഫ്രിഡ്ജില്‍ നിന്നെടുത്തതിന് ശേഷം മീന്‍ ഉടന്‍ തന്നെ തിരികെ വെയ്ക്കുക. പുറത്ത് വെയ്ക്കരുത്. ഫ്രീസ് ചെയ്ത മീന്‍ ഉടന്‍ പാകം ചെയ്യരുത്. ഡീഫ്രോസ്റ്റ് ചെയ്തതിന് ശേഷം മാത്രമേ പാകം ചെയ്യാവൂ. മീനിന് ദുര്‍ഗന്ധമോ നിറം മാറ്റമോ സംഭവിക്കുകയാണെങ്കില്‍ പിന്നെ അത് ഉപയോഗിക്കുകയും ചെയ്യരുത്.