ചക്കയുടെ സീസൺ ഏതാണ്ട് അവസാനികാക്രയി, നല്ല നാടൻ രുചിയിൽ തയാറാക്കാവുന്ന ചക്കക്കുരു വെള്ളരിക്ക കറി ഇപ്പോൾ തയാറാക്കിയില്ലെങ്കിൽ ഇനി എപ്പോൾ തയാറാക്കും, ഇതിന്റെ കൂടെ ഉണക്കമീൻ വറത്തതും ഉണ്ടെങ്കിൽ പിന്നെ പാത്രം കാലിയാകുന്നവഴി അറിയില്ല.
ചേരുവകൾ
ചക്കക്കുരു – 5 എണ്ണം നീളത്തിൽ മുറിച്ചത്
വെള്ളരിക്ക – 1 1/2 കപ്പ്
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ + 1/4 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
ജീരകം – 1/4 ടീസ്പൂൺ
പച്ചമുളക് – 2
കറിവേപ്പില
തേങ്ങ ചിരകിയത് – 5 ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
പുളി – ഒരു ചെറിയ നെല്ലിക്ക
വെള്ളം – ഒരു കപ്പ്
തയാറാക്കുന്ന വിധം
പ്രഷർ കുക്കറിൽ ചക്കക്കുരു, പച്ചമുളക്, കറിവേപ്പില, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ചേർക്കുക. ഉയർന്ന തീയിൽ ഒരു വിസിൽ വരുന്നതു വരെ വേവിക്കുക. പ്രഷർ പോയാൽ അടപ്പു തുറന്ന് അരിഞ്ഞ വെള്ളരിക്ക ചേർക്കുക. ഉയർന്ന തീയിൽ 2 വിസിൽ വരുന്നതുവരെ വീണ്ടും വേവിക്കുക. ഒരു മിക്സിയിൽ തേങ്ങ, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, മുളകുപൊടി, ജീരകം, പുളി, ആവശ്യത്തിനു വെള്ളം എന്നിവ ചേർക്കുക, ഇത് അരച്ചെടുക്കാം. പ്രഷർ പോയാൽ കുക്കർ തുറന്നു തേങ്ങ അരച്ചതു ചേർക്കുക. പച്ച രുചി പോകുന്നതു വരെ തിളപ്പിക്കുക.
വെളിച്ചെണ്ണയിൽ കടുകു പൊട്ടിച്ചു കറിവേപ്പിലയും ചേർത്തു കറിയിലേക്ക് ഒഴിക്കുക. രുചികരമായ ചക്കക്കുരു വെള്ളരിക്ക കറി തയാർ.