ഹാംബര്‍ഗ്: യൂറോ കപ്പ് ഗ്രൂപ്പ് എഫില്‍ ചെക്ക് റിപ്പബ്ലിക്-ജോര്‍ജിയ മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. ആദ്യപകുതിയിലെ അന്തിമസമയത്തെ പെനാല്‍റ്റി വഴിയാണ് ജോര്‍ജിയയുടെ ഗോളെത്തിയതെങ്കില്‍, കോര്‍ണറില്‍നിന്ന് ലഭിച്ച പന്താണ് ചെക്ക് റിപ്പബ്ലിക്കിനെ മത്സരത്തില്‍ തുല്യതയിലെത്തിച്ചത്.
ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ ബോക്‌സിനകത്തുവെച്ച് ചെക്ക് താരം റോബിന്‍ റാനക്കിന്റെ കൈയില്‍ പന്തുതട്ടി. ഇതോടെ വാര്‍ ഡിസിഷനില്‍ ജോര്‍ജിയക്ക് പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത മിക്കോട്ടഡ്‌സെ വലംകാലുകൊണ്ട് പന്ത് വലയിലെത്തിച്ചു (1-0). ഇതോടെ മിക്കോട്ടഡ്‌സെയ്ക്ക് ഈ യൂറോ കപ്പില്‍ രണ്ട് ഗോളായി. തൊട്ടടുത്ത മിനിറ്റിൽ ചെക്ക് താരം ജോർജിയ ബോക്‌സിലേക്ക് നിറയൊഴിച്ചെങ്കിലും ഗോൾകീപ്പർ തട്ടികയറ്റി.
രണ്ടാം പകുതിയുടെ 58-ാം മിനിറ്റിൽ സമനില ഗോളെത്തി. കോർണറിൽ നിന്ന് വന്ന പന്ത് ലിങർ ഹെഡ്ഡർ ചെയ്‌തെങ്കിലും പോസ്റ്റിൽ തട്ടി തിരിച്ചുവന്നു. റീബൗണ്ട് കൃത്യമായി വലയിലേക്ക് തട്ടി പാട്രിക് ഷിക് യൂറോയിലെ ആദ്യ ഗോൾനേടി. ഇതോടെ 2020ന് ശേഷമുള്ള യൂറോ കപ്പുകളിൽ കൂടുതൽ ഗോൾനേടിയ താരമെന്ന റെക്കോർഡാണ് ഷിക്കിനെ തേടിയെത്തിയത്. ആറുഗോളാണ് ഇതുവരെ നേടിയത്.