World

റഫയിൽ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ ഷെല്ലാക്രമണം; 25 പേർ കൊല്ലപ്പെട്ടു

ഗാസ: പലസ്തീനിലെ ​റഫയിൽ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ട്. റഫയ്ക്ക് വടക്കുള്ള അഭയാർഥി ക്യാമ്പുകൾക്ക് നേരെ വെള്ളിയാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 25 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അധികൃതർ വ്യക്തമാക്കി. തീരപ്രദേശത്ത് രണ്ട് സ്ഥലങ്ങളിൽ ഷെല്ലാക്രമണം നടന്നതായി ദൃക്സാക്ഷികൾ പറഞ്ഞെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി.

ആക്രമണത്തിൽ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും കൊട് ക്യാമ്പുകൾ നിറഞ്ഞിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് ചെയ്ത സംഭവം പരിശോധിക്കുന്നതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

അതേസമയം, ഗസ്സയില്‍​ 800,000ത്തിലധികം വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നഷ്ടപ്പെട്ട വേളയിലും ഈ അധ്യയന വർഷത്തേക്കുള്ള ഹൈസ്കൂൾ പരീക്ഷകൾ ആരംഭിച്ചിരിക്കുകയാണെന്ന് ഗസ്സ വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷയെഴുതാൻ കഴിയാത്ത 40,000 ഹൈസ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ 2023 ഒക്ടോബർ 7 മുതൽ സ്‌കൂളിന് പുറത്താണ്. ഇത് സമാനതകളില്ലാത്തതും ഗുരുതരവുമായ അവകാശ ലംഘനമാണ്. ഇതവരുടെ ഭാവിയിൽ ഭീഷണിയാവുമെന്നും സ്വദേശത്തും വിദേശത്തുമുള്ള കോളജുകളിലും സർവകലാശാലകളിലും ചേരാനുള്ള അവസരങ്ങൾ ഇല്ലാതാക്കുമെന്നും മന്ത്രാലയം പറഞ്ഞു.

യുദ്ധത്തിന്റെ തുടക്കം മുതൽതന്നെ ഇസ്രായേൽ ബോധപൂർവം കുട്ടികളെയും സ്ത്രീകളെയും മറ്റ് സാധാരണക്കാരെയും ലക്ഷ്യമിടുന്നു. ആയിരക്കണക്കിന് വിദ്യാർഥികളും വിദ്യാഭ്യാസ പ്രവർത്തകരും ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും അറസ്റ്റിലാവുകയും ചെയ്തു. വളരെ ആസൂത്രിതമായ ലക്ഷ്യത്തിന്റെ ഫലമായി 85 ശതമാനത്തിലധികം വിദ്യാഭ്യാസ സംവിധാനങ്ങളും പ്രവർത്തിക്കാനാവാത്തവിധം നശിച്ചിരിക്കുന്നു. യുദ്ധം അവസാനിച്ചശേഷം വിദ്യാഭ്യാസ പ്രക്രിയ പുനഃരാരംഭിക്കുന്നതിനുള്ള പ്രധാന വെല്ലുവിളിയാണിതെന്നും മന്ത്രാലയം പറയുന്നു.