ദുബൈയിലെ സ്‌കൂളുകളുടെ ഗുണനിലവാരം വ്യക്തമാക്കുന്ന റേറ്റിങ് പട്ടിക വിദ്യാഭ്യാസ അതോറിറ്റിയായ കെ.എച്ച്.ഡി.എ പുറത്തുവിട്ടു. 209 സ്‌കൂളുകളിലെ മൂന്നരലക്ഷം വിദ്യാർഥികളിൽ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയതെന്ന് അധികൃതർ പറഞ്ഞു. 26 സ്‌കൂളുകൾ നിലവാരം മെച്ചപ്പെടുത്തിയപ്പോൾ മൂന്ന് സ്‌കൂളുകൾ റേറ്റിങിൽ താഴേക്ക് പോയി.
ദുബൈയിലെ സ്വകാര്യ വിദ്യാലയങ്ങളിൽ പഠിക്കുന്ന 81 ശതമാനം കുട്ടികളും ഗുഡോ അതിലേക്കാൾ ഉയർന്നതോ ആയ റേറ്റിങ് ലഭിച്ച സ്‌കൂളുകളിലാണ് പഠിക്കുന്നതെന്ന് കെ.എച്ച്.ഡി.എ ചൂണ്ടിക്കാട്ടി. 23 സ്‌കൂളുകളാണ് ഈവർഷം ഔട്ട്സ്റ്റാൻഡിങ് എന്ന റേറ്റിങ് സ്വന്തമാക്കിയത്. 48 സ്‌കൂളുകൾ വെരിഗുഡ് നിലവാരത്തിൽ റേറ്റിങ് നേടി.
ഗുഡ് റേറ്റിങ് പട്ടികയിൽ 85 സ്‌കൂളുകളുണ്ട്. 51 വിദ്യാലയങ്ങൾക്ക് ആക്‌സപ്റ്റബിൽ റേറ്റിങ് ലഭിച്ചു. വീക്ക് കാറ്റഗറിയിൽ രണ്ട് സ്‌കൂളുകളുണ്ട്. എന്നാൽ, വെരി വീക്ക് വിഭാഗത്തിൽ ഒറ്റ സ്‌കൂളുമില്ല. കഴിഞ്ഞവർഷം ഗുഡിന് മുകളിലേക്ക് 77 ശതമാനം സ്‌കൂളുകളാണ് റേറ്റിങ് നേടിയതെങ്കിൽ ഇക്കുറി അത് 81 ശതമാനമായി വർധിച്ചത് മികച്ച സൂചനയാണെന്ന് കെ.എച്ച്.ഡി.എ അധികൃതർ പറഞ്ഞു.