India

ചോദ്യപ്പേപ്പര്‍ വിവാദം: എൻടിഎ ഡയറക്ടര്‍ ജനറൽ സുബോധ് കുമാര്‍ സിങിനെ നീക്കി

ന്യൂഡൽഹി: നീറ്റ്, നെറ്റ് പരീക്ഷാ ചോദ്യപേപ്പർ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.എ.ടി.) ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്നും സുബോധ് കുമാർ സിങ്ങിനെ നീക്കി.റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥനായ പ്രദീപ് സിങ് കരോളയ്ക്ക് പകരം ചുമതല നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷമാണ് തീരുമാനം.

ഇന്ത്യൻ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ ചെയർമാനും മാനേജിങ് എഡിറ്ററുമാണ് പ്രദീപ് സിങ് കരോളെ. എൻ.ടി.എ.യുടെ ഡയറക്ടറൽ ജനറൽ സ്ഥാനം അധിക ചുമതലയായാണ് ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെയാണ് നിയമനം എന്ന് കേന്ദ്രം വ്യക്തമാക്കി.

നീറ്റ്- നെറ്റ് പരീക്ഷാ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നത സമിതിയെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു. ചോദ്യ പേപ്പർ ചോർന്നതിന് പിന്നാലെ നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു.

രാജ്യത്തെ 1205 കേന്ദ്രങ്ങളിൽ നടന്ന പരീക്ഷ 11.21 ലക്ഷം പേരാണ് നെറ്റ് പരീക്ഷ എഴുതിയത്. 2018 മുതൽ ഓൺലൈനായിരുന്ന പരീക്ഷ ഇക്കുറി വീണ്ടും ഓഫ്‌ലൈൻ രീതിയിലേക്കു മാറ്റിയിരുന്നു. യുജിസി നെറ്റ് പരീക്ഷ നടക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരീക്ഷാ പേപ്പർ ചോർന്നെന്നും ആറ് ലക്ഷം രൂപയ്ക്ക് ഡാർക്ക് വെബ്ബിലും സാമൂഹ്യ മാധ്യമങ്ങളിലും പരീക്ഷാ പേപ്പർ വിൽപനയ്ക്ക് വച്ചുവെന്നുമുള്ള സിബിഐ കണ്ടെത്തൽ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

അതേസമയം ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ബീഹാർ പൊലീസ് തെളിവായി കണ്ടെത്തിയ കത്തിച്ച ചോദ്യപേപ്പറിൽ നിന്നാണ് ഈക്കാര്യം വ്യക്തമായത്. ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർത്ഥികൾക്കായുള്ള പുനപ്പരീക്ഷ നാളെ നടക്കും. വിദ്യാർത്ഥികൾക്ക് പുതിയ സെൻ്ററുകളിലാണ് പരീക്ഷ നടത്തുക. വിവാദമായ ഏഴ് സെൻ്ററുകളിൽ ആറെണ്ണത്തിലും മാറ്റം വരുത്തി. രണ്ട് പേർ മാത്രം പരീക്ഷ എഴുതുന്ന ചണ്ഡിഗഡിലെ സെൻ്റർ മാത്രം നിലനിർത്തിയിട്ടുണ്ട്. ഹരിയാന, മേഘാലയ, ഛത്തീസ്ഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് മറ്റ് ആറ് സെൻ്ററുകൾ. നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം തുടരുകയാണ്.