പത്തനംതിട്ട: പത്തനംതിട്ട ഏനാത്ത് കെഎസ്ആർടിസി ബസിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയ പ്രതി രാധാകൃഷ്ണപിള്ളയെ കോടതി റിമാൻഡ് ചെയ്തു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് രാധാകൃഷ്ണപിള്ളയുടെ മുഖത്തടിച്ചത് പ്രാണരക്ഷാർത്ഥമാണെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു.
രാധാകൃഷ്ണപിള്ളയുടെ മൂക്കിടിച്ചു പൊളിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കേസെടുക്കില്ല. ഏനാത്ത് പൊലീസിൻ്റേതാണ് തീരുമാനം. സംഭവത്തിൽ അമ്മയുടേത് സ്വയം പ്രതിരോധമായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ നിയമോപദേശം തേടാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ആക്രമിക്കാൻ വന്നപ്പോൾ അമ്മ സ്വയം പ്രതിരോധം തീർത്തുവെന്നും പ്രതി രാധാകൃഷ്ണപിള്ള അമ്മയെയും മകളെയും ആക്രമിച്ചുവെന്നും പൊലീസ് പറയുന്നു.
സംഭവത്തിൽ ഇന്ന് രാവിലെ വിശദീകരണവുമായി അമ്മ രംഗത്ത് വന്നിരുന്നു. ബസിൽ നിന്ന് ഇറങ്ങിയ ശേഷവും രാധാകൃഷ്ണപിള്ള മകളെയും തന്നെയും ആക്രമിച്ചുവെന്നും സ്വയം പ്രതിരോധിക്കാനാണ് മുഖത്ത് അടിച്ചതെന്നമാണ് അമ്മ പറഞ്ഞത്. ഒരു പെൺകുട്ടിക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം വൈകുന്നേരമാണ് അടൂർ ഏനാത്ത് കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. വിവരം അറിഞ്ഞെത്തിയ അമ്മ രാധാകൃഷ്ണപിള്ളയുടെ മുഖത്തടിച്ചു. ഇയാളുടെ മൂക്കിന്റെ പാലം തകർന്നു. പ്രതി അസഭ്യവർഷം നടത്തിയെന്നും സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് മുഖത്തടിച്ചതെന്നും പെൺകുട്ടിയുടെ അമ്മ പ്രതികരിച്ചു.