തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയോടെ കാലവർഷം ശക്തി പ്രാപിക്കുന്നു. ബുധനാഴ്ച വരെ വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്കും മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്കും തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരളം തീരം വരെ ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നതും പടിഞ്ഞാറൻ തീരമേഖലയിൽ അടുത്ത 3 ദിവസം കാലവർഷക്കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതും കനത്ത മഴയ്ക്ക് അനുകൂലഘടകമാണ്.
ഇരട്ട ചക്രവാതച്ചുഴി ഭീഷണിയുമുണ്ട്. ബുധനാഴ്ച വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. ഈ തീരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം കാസർകോട്, കണ്ണൂർ തീരങ്ങൾക്ക് നാളെ വരെ പ്രത്യേക ജാഗ്രതാ നിർദേശം നൽകി.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെലോ അലർട്ടും ഇന്നു പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മറ്റന്നാൾ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു.