മൈസൂര്‍ ചട്‌നി കേട്ടിട്ടുണ്ടോ? ആഹാ! ഇത് ഇഡ്ഡലിക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദാണ്. സ്ഥിരമായി തയ്യറാക്കുന്ന തേങ്ങ ചട്‌നിയും, തക്കാളി ചട്‌നിയും എല്ലാം കൂട്ടി മടുത്തെങ്കിൽ ഇനി ഇതൊന്ന് ട്രൈ ചെയ്തു നോക്കു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയില്‍ വളരെ സിംപിളായി മൈസൂര്‍ ചട്‌നി തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍
- നെയ്യ് – 3 ടീസ്പൂണ്‍
- ചെറുപയര്‍ – 1 ടീസ്പൂണ്‍
- ഉഴുന്ന് പരിപ്പ്- 1 ടീസ്പൂണ്‍
- മല്ലി – 1 ടീസ്പൂണ്‍
- ജീരകം – 1 ടീസ്പൂണ്‍
- വെളുത്തുള്ളി – 10 അല്ലി
- ഉള്ളി – 10
- പച്ചമുളക് – 3
- തക്കാളി – 2
- പുതിന – 1 പിടി
- എള്ള് – 1 ടീസ്പൂണ്‍
- തേങ്ങ – 1/4 കപ്പ്
- പുളി – 1 ചെറിയ കഷണം
- ഉപ്പ് – ആവശ്യത്തിന്
താളിക്കുന്നതിന്
- നെയ്യ് – 3 ടീസ്പൂണ്‍
- കടുക് – 1/2 ടീസ്പൂണ്‍
- ഉഴുന്ന് പരിപ്പ് – 1/2 ടീസ്പൂണ്‍
- കറിവേപ്പില – അല്പം
- ചുവന്ന മുളക്- 2 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ നെയ്യ് ഒഴിച്ച് ചൂടാക്കി ചെറുപയര്‍ പരിപ്പ്, ഉഴുന്ന്, ജീരകം, മല്ലി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം വെളുത്തുള്ളിയും ഉള്ളിയും ചേര്‍ത്ത് നന്നായി വഴറ്റുക. അടുത്തതായി പച്ചമുളക് ചേര്‍ക്കാവുന്നതാണ്, ഇത് നന്നായി വഴറ്റിയതിന് ശേഷം തക്കാളി ചേര്‍ത്ത് ചെറുതായി വഴറ്റുക. പിന്നീട് ഇതിലേക്ക് പുതിന, എള്ള് എന്നിവ ചേര്‍ത്ത് അല്‍പ സമയം വഴറ്റിയെടുക്കാം. പിന്നീട് അരച്ച് വെച്ച തേങ്ങയും പുളിയും ചേര്‍ത്ത് നല്ലതുപോലെ വഴറ്റി തണുപ്പിക്കാം. പിന്നീട് വറുത്ത ചേരുവകള്‍ മിക്‌സര്‍ ജാറില്‍ ചേര്‍ത്ത് പാകത്തിന് ഉപ്പ് ചേര്‍ത്ത് അരച്ചെടുക്കാം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. പിന്നീട് നെയ്യ് ഒഴിച്ച് അതിലേക്ക് വറുത്തിടാന്‍ പാകത്തിലുള്ളവ ചേര്‍ത്ത് ചട്‌നിയില്‍ വറുത്തിടാം.