ബിരിയാണി മലയാളികൾക്ക് ഒരു വികാരമാണ്. ചിലരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ് ബിരിയാണി. ബിരിയാണികൾ പലതരമുണ്ട്. ചിക്കൻ ബിരിയാണി, ഫിഷ് ബിരിയാണി, ബീഫ് ബിരിയാണി.. അങ്ങനെ അങ്ങനെ പോകുന്നു ലിസ്റ്റുകൾ. ഇന്ന് ഒരു കിടിലൻ ടേസ്റ്റിൽ മട്ടൻ ബിരിയാണി തയ്യറാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മട്ടൻ – അര കിലോ
- ബിരിയാണി അരി – 2 കപ്പ്
- മഞ്ഞൾപൊടി – 1/2 ചെറിയ ടീസ്പൂൺ
- വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് – 6 അല്ലി
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- പച്ചമുളക് – 3 എണ്ണം നീളത്തിൽ അരിഞ്ഞത്
- പട്ട – 2 ചെറിയ കഷണം
- ഗ്രാമ്പൂ – 6 എണ്ണം
- ഏലക്കായ – 5 എണ്ണം
- അണ്ടിപരിപ്പ് – 25 ഗ്രാം
- കിസ്മിസ് – 25 ഗ്രാം
- സവാള – 3 എണ്ണം
- തേങ്ങാപ്പാൽ – 3 കപ്പ്
- ഗരം മസാലപ്പൊടി – 1/2 ടീസ്പൂൺ
- മല്ലിയില – ആവശ്യത്തിന്
- പുതിനയില – ആവശ്യത്തിന്
- നെയ്യ് – 1/2 കപ്പ്
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
മട്ടൻ കഴുകി ഊറ്റിയശേഷം അതിൽ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപൊടി, തേങ്ങാപ്പാൽ, പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ഉപ്പ്, ഒരു സവാള അരി ഞ്ഞത് എന്നിവ ചേർത്ത് കുക്കറിൽ 15 മിനിറ്റ് അടച്ചുവേവിക്കണം. പിന്നീട് ചുവടു കട്ടിയുള്ള ഒരു പാത്രം ചൂടാകുമ്പോൾ നെയ്യൊഴിച്ച് നീളത്തിൽ നേരിയതായി അരിഞ്ഞ സവാള ബ്രൗൺ നിറത്തിൽ വറുത്തു കോരണം. ഇതേ നെയ്യിലാണ് അണ്ടിപ്പരിപ്പും കിസ്‌മിസും വറുത്തുകോരേണ്ടത്. തുടർന്ന്, ശേഷിച്ച നെയ്യിൽ, കഴുകി ഊറ്റിവെച്ചിരിക്കുന്ന ബിരിയാണി അരി ഇട്ട് നന്നായി വറുക്കണം. അടു ത്തതായി അരി മൂത്തുകഴിയുമ്പോൾ മട്ടൺ അതിൻ്റെ ചാറോടുകൂടി അരിയിൽ ചേർത്തിളക്കണം. ഇറച്ചി വെന്ത ചാറിൻ്റെ അളവ് വേണ്ടത്ര ഉണ്ടോ എന്നു നോക്കണം.
സൂപ്പും വെള്ളവുംകൂടി ഏകദേശം 5 കപ്പ് വേണം. അത്രയില്ലെ ങ്കിൽ തിളപ്പിച്ചാറിയ വെള്ളം ചേർക്കണം. ഇതിനുശേഷം ചെറിയ തീയിലിട്ട് ചോറ് വറ്റിച്ചെടുക്കണം. ഇടയ്ക്ക് ഇളക്കിക്കൊടുക്കുകയും വേണം. തുടർന്നു ഏകദേശം വെള്ളംവറ്റി ചോറ് വെന്തുകഴിഞ്ഞാൽ മല്ലിയില, പുതിനയില, വറുത്ത അണ്ടിപ്പരിപ്പ്, കിസ്‌മിസ്, സവാള എന്നിവയുടെ പകുതിചേർത്ത് ഇളക്കണം. അല്പം ഗരംമസാലയും ചേർക്കണം. അവസാനമായി, ചോറ് നല്ലവണ്ണം വെന്ത് വെള്ളം വറ്റിക്കഴിയുമ്പോൾ തീ അണച്ച് വിളമ്പുന്ന പാത്രത്തിലേയ്ക്ക് മാറ്റണം. സവാള, കിസ്മിസ്, മല്ലിയില, പുതിന, അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് അലങ്കരിക്കാം.