തമിഴ്നാട്ടുകാരുടെ പ്രധാനപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് തൈര് സാദം അഥവാ തൈര് ചോറ്. പേരുപോലെ തന്നെ തൈര് വെച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇനി തൈര് സാദം കഴിക്കാൻ തമിഴ്‌നാട് വരെയൊന്നും പോകേണ്ട. വീട്ടിൽ തയ്യാറാക്കാം, റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- വേവിച്ച ചോറ് – രണ്ടു കപ്പ്
- തൈര് – രണ്ടര കപ്പ്
- കറി വേപ്പില – രണ്ട് തണ്ട്
- വറ്റല്‍ മുളക്- 2
- പച്ചമുളക് – 3
- ജീരകം – അര ടി സ്പൂണ്‍
- കടുക് – അര ടി സ്പൂണ്‍
- കായം – കാല്‍ ടി സ്പൂണ്‍
- കാഷുനട്ട് -10
- വെജിടബിള്‍ ഓയില്‍ – രണ്ട് ടേബിള്‍ സ്പൂണ്‍
- ഉഴുന്ന് പരിപ്പ് – ഒരു ടേബിള്‍ സ്പൂണ്‍
- ഇഞ്ചി – ഒരു ചെറിയ കഷണം
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചോറ് നേരത്തെ വേവിച്ചു വെക്കുക. തൈര് നല്ലതുപോലെ ഉടച്ചു അല്പം പഞ്ചസാരയും ഉപ്പും ചേര്‍ത്ത് മാറ്റി വെക്കുക. ചോറ് തണുത്തു കഴിയുമ്പോള്‍ ഉടച്ചു വെച്ച തൈര് നന്നായി ഇളക്കി ചേര്‍ക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക്,ജീരകം ,ഉഴുന്ന് എന്നിവ ചേര്‍ത്ത് വറക്കുക. കടുക് പൊട്ടി, ഉഴുന്ന് ബ്രൌണ്‍ നിറം ആകുമ്പോള്‍ വറ്റല്‍ മുളക്, ഇഞ്ചി, നെടുകെ കീറിയ പച്ചമുളക്, കറി വേപ്പില, കായം, കശുവണ്ടി ഇവ ചേര്‍ത്ത് വറക്കുക. ഈ വറുത്ത കൂട്ട് തൈര് ചേര്‍ത്ത ചോറില്‍ ചേര്‍ത്ത് ഇളക്കുക.