തടി കുറക്കാൻ കഷ്ടപ്പെടുകയാണോ? അതിനുവേണ്ടി വിപണിയിൽ കിട്ടുന്ന എന്തും കണ്ണടച്ച് വാങ്ങി പരീക്ഷിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ ഒരുപാട് പണം കളഞ്ഞ് ഇനി ശരീരം ഫിറ്റ് ആക്കാൻ കഷ്ടപ്പെടേണ്ട. വീട്ടിൽ തന്നെയുണ്ട് പരിഹാരം. കഞ്ഞിവെള്ളമാണ് താരം.
അമിതഭാരം കുറയ്ക്കാനും കഞ്ഞിവെള്ളം സഹായിക്കും. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. കഞ്ഞിവെള്ളം നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കും. രോഗ പ്രതിരോധശേഷി കൂട്ടാനും കഞ്ഞിവെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കഞ്ഞിവെള്ളത്തിൽ ധാരാളം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ മസിലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് കഞ്ഞിവെള്ളം. ഉപാപചയത്തിനും കോശങ്ങളുടെ പ്രവർത്തനത്തിനും നിർണായക പങ്ക് വഹിക്കുന്ന ബി 1, ബി 2, ബി 6, ബി 9 എന്നിവയുൾപ്പെടെയുള്ള നിരവധി ബി വിറ്റാമിനുകൾ കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ഇവയിൽ ഉണ്ട്.ശാരീരിക പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് അത്യാവശ്യമാണ്. കൂടാതെ, കഞ്ഞി വെള്ളത്തിൽ അടങ്ങിയിട്ടുള്ള ഫെറുലിക് ആസിഡ്, അലൻ്റോയിൻ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനും ചർമ്മത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
മെറ്റബോളിസം വർധിപ്പിക്കുന്നു
കഞ്ഞിവെള്ളത്തിൽ കാണപ്പെടുന്ന ഇനോസിറ്റോൾ പോലെയുള്ള സംയുക്തങ്ങൾ മെറ്റബോളിസത്തെ നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.മെച്ചപ്പെട്ട ഇൻസുലിൻ സെൻസിറ്റിവിറ്റി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ശരീകഭാരം കൂട്ടാനുള്ള സാധ്യതകളെ കുറയ്ക്കുകയും ചെയ്യുന്നു.
ജലാംശം നിലനിർത്തുന്നു
ശരീരഭാരം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരീരത്തിൽ മതിയായ അളവിൽ വെള്ളം എത്തേണ്ടതുണ്ട്. കാരണം ശരീരത്തിൽ ജലാംശം ഉണ്ടെങ്കിൽ അമിത വിശപ്പ് അനുഭവപ്പെടില്ല. ലഘുഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാക്കുകയും ചെയ്യും. അങ്ങനെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ഉയർന്ന പോഷകഗുണവും കുറഞ്ഞ കലോറിയും
കലോറി കുറഞ്ഞ അതേസമയം പോഷകങ്ങളാൽ സമ്പുഷ്ടമായ പാനീയമാണ് കഞ്ഞിവെള്ളം. ഇത് ശരീരഭാരം കുറക്കാൻ നിങ്ങളെ സഹായിക്കുന്നു. കലോറി കൂട്ടാതെ തന്നെ അവശ്യ വിറ്റാമിനുകളും ധാതുക്കളും ശരീരത്തിലെത്താൻ സഹായിക്കുന്നു. കലോറി കുറയുമ്പോൾ അനുഭവപ്പെടുന്ന ക്ഷീണത്തെ ഇല്ലാതാക്കി ശരീരത്തിലേക്ക് പോഷകങ്ങൾ എത്താൻ സഹായിക്കുന്നു.
ദഹന ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു
കഞ്ഞിവെള്ളത്തിൽ അന്നജം, ഒലിഗോസാക്രറൈഡുകൾ തുടങ്ങിയ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്.ഇത് ദഹനത്തെ സഹായിക്കുകയും വയറിന് പൂർണത നൽകുകയും ചെയ്യും.കുടലിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.മെച്ചപ്പെട്ട ദഹനം കൂടുതൽ കാര്യക്ഷമമായ പോഷക ആഗിരണത്തിനും ഉപാപചയത്തിനും ഇടയാക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിച്ചേക്കാം.
കഞ്ഞിവെള്ളം എങ്ങനെ കുടിക്കാം
കഞ്ഞിവെള്ളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞോ അല്ലെങ്കിൽ കറുവപ്പട്ട ചേർത്തോ കഴിക്കാം. ഒന്നും ചേർക്കാതെയും കുടിക്കാം. ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് കഞ്ഞിവെള്ളം കുടിക്കുന്നത് വിശപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കും.
അതേസമയം കഞ്ഞിവെള്ളം കുടിച്ചത് കൊണ്ടുമാത്രം തടി കുറയും എന്നൊന്നും കരുതല്ലേ, അത് മണ്ടത്തരമായിപ്പോകും. കൃത്യമായ ഭക്ഷണവും അതോടൊപ്പം വ്യായാമവും കൂടി ചേരുമ്പോഴാണ് ആരോഗ്യകരമായ രീതിയിൽ തടി കുറക്കാൻ സാധിക്കുക. തടി കുറക്കാൻ ഡയറ്റെടുക്കുമ്പോൾ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം കൂടി പാലിക്കാൻ ശ്രദ്ധിക്കാം. യാതൊരു ധാരണയുമില്ലാതെ സ്വയം ഡയറ്റിലേക്ക് നീങ്ങിയിൽ ഉള്ള ആരോഗ്യം പോലും ഇല്ലാതായേക്കും.