മുപ്പതുകളിലും ചെറുപ്പമായിരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രായമാകുന്തോറും മുഖത്ത് ചുളവുകളും വരകളുമെല്ലാം വരാം. ചർമ്മത്തെ ശരിയായി പരിപാലിച്ചാൽ ഒരു പരിധി വരെ ഇത് നിയന്ത്രിക്കാം. ആദ്യം ശരീരത്തിന് ആവശ്യമായ ഭക്ഷണവും വെള്ളവും നൽകണം. രണ്ടാമതായി നമ്മുടെ മുഖത്തെ പേശികളുടെ ശരിയായ രീതിയിലുള്ള പ്രവർത്തനം ഉറപ്പാക്കണം. ഇതിന് ചില യോഗാസനങ്ങൾ സഹായിക്കും. പേശികളുടെ പ്രവർത്തനങ്ങൾ മികച്ചതാക്കുകയും ചർമ്മം എപ്പോഴും യുവത്വത്തോടെ നിലിർത്താനും സഹായിക്കുന്ന യോഗാസനങ്ങൾ ഏതൊക്കെയെന്ന് നോക്കാം…
കൺപോളയുടെ സൗന്ദര്യം
കണ്ണുകൾക്ക് ചുറ്റുമുള്ള പേശികൾക്ക് വേണ്ടിയാണ് ഈ വ്യായാമം. നിവർന്നിരിക്കാം. ചൂണ്ടുവിരലുകൾ നിങ്ങളുടെ പുരികങ്ങൾക്ക് കീഴിൽ വയ്ക്കുക. ചെറുതായി തടവാം. ഈ സമയം കണ്ണുകൽ അടക്കാം. 5 സെക്കന്റ് ഇങ്ങനെ ചെയ്യാം. 10 തവണയാണ് ഈ വ്യായാമം ചെയ്യേണ്ടത്.
മൂക്കിന്റെ സൗന്ദര്യത്തിന്
മൂക്കിന് ചുറ്റുമുള്ള പേശികളെ ടോൺ ചെയ്യാൻ ഈ യോഗ സഹായിക്കും. ആദ്യം നിവർന്നിരിക്കാം. മൂക്കിന് ഇരുവശവും ചൂണ്ടുവിരൽ വെയ്ക്കാം. മൃദുലമായ മർദ്ദം പ്രയോഗിക്കുക. ഈ സമയം 5 സെക്കൻഡ് നാസദ്വാരങ്ങൾ വിശാലമാക്കുക ശോഷം വിശ്രമിക്കാം. വ്യായാമം 10 തവണ ആവർത്തിക്കുകയും വേണം.
കവിളിന്റെ ഭംഗിക്ക്
കവിൾ പേശികൾക്ക് വേണ്ടിയാണ് പ്രധാനമായും ഈ യോഗ ചെയ്യുന്നത്. മുഖത്ത് കൂടുതൽ യുവത്വം നൽകാൻ ഇത് സഹായിക്കും. ചെയ്യേണ്ടത്-ആദ്യം നിവർന്ന് ഇരിക്കുക. “O” ആകൃതിയിൽ വായ പിടിക്കുക. ചൂണ്ടുവിരൽ നിങ്ങളുടെ ചുണ്ടുകൾക്ക് സമീപം വയ്ക്കുക. അതിന് ശേഷം കവിൾ മുന്നോട്ട് വലിക്കുക. 10 സെക്കന്റ് പിടിച്ച് വെച്ച ശേഷം റിലീസ് ചെയ്യാം. മികച്ച ഫലത്തിന് കുറഞ്ഞത് പത്ത് തവണയെങ്കിലും ഈ യോഗ ചെയ്യണം.
സുന്ദരമായ നെറ്റിത്തടത്തിന്
നെറ്റിയിലെ വരകളും ചുളിവുകളും കുറയ്ക്കാൻ ഈ വ്യായാമം സഹായിക്കുന്നു. ആദ്യം നിവർന്നിരിക്കുക. കൈകൾ നെറ്റിയിൽ വയ്ക്കുക, വിരലുകൾ വിരിക്കുക. നേരിയ ശക്തികൊടുത്ത് ഇരുവശത്തേക്കും തടവുക. 5 സെക്കന്റ് ഇങ്ങനെ ചെയ്യാം. 10 തവണയാണ് ഈ വ്യായാമം ചെയ്യേണ്ടത്.
താടിയെല്ലിന്
ഈ വ്യായാമം താടിയെല്ലിനും കഴുത്തിനുമൊപ്പം പേശികളെ ടോൺ ചെയ്യാൻ സഹായിക്കുന്നു. നേരെ ഇരിക്കുക, നിങ്ങളുടെ തല ചെറുതായി പിന്നിലേക്ക് കൊണ്ടുവരിക. താടിക്ക് താഴെ ഒരു നീറ്റൽ അനുഭവപ്പെടാൻ താഴത്തെ താടിയെല്ല് മുകളിലേക്ക് തള്ളുക.5 സെക്കന്റ് ആണ് ഇങ്ങനെ ചെയ്യേണ്ടത്. ഈ വ്യായാമം 10 തവണ ആവർത്തിക്കാം.