India

വിദ്യാര്‍ത്ഥികളുടെ ഭാവി എന്താകും? നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച ‘ സോള്‍വര്‍ ഗ്യാങ്ങ്’ തലവന്‍ രവി അത്രിയെ പിടികൂടി പൊലീസ്, പുറത്തുവരുന്നത് വലിയോരു മാഫിയയുടെ പ്രവര്‍ത്തനം

ഒന്നും രണ്ടും വര്‍ഷത്തോളമോ അതില്‍ കൂടതലോ രാപ്പകല്‍ വ്യത്യാസമില്ലാതെ പഠനം നടത്തി, ആ ഒരു ദിവസത്തെ പരീക്ഷയ്ക്കായി കാത്തിരുന്നവര്‍. മെയ് അഞ്ച് എന്ന പരീക്ഷാദിനം എത്തി, മനപാഠമാക്കിയ ഉത്തരങ്ങളുമായി പരീക്ഷാ ഹാളില്‍ കയറിയ വിദ്യാര്‍ത്ഥികളുടെ മനസില്‍ ഒന്നു മാത്രം ഇത്തവണ നീറ്റില്‍ വിജയിച്ച് ഒന്നാമതെത്തണം, വര്‍ഷങ്ങളായി സ്വപ്‌നം കാണുന്ന മെഡിക്കല്‍ പരീക്ഷയില്‍ വിജയിക്കണം. ഇങ്ങനെ വലിയൊരു ലക്ഷ്യവുമായി പരീക്ഷയെഴുതിയത് 24 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍, പക്ഷേ അവരുടെ ഭാവി തന്നെ കരിനീഴലില്‍ വീഴ്ത്തിക്കൊണ്ട് ചോദ്യ പേപ്പര്‍ ചോര്‍ച്ചയും ആവശ്യമില്ലാത്ത ഗ്രേസ് മാര്‍ക്ക് വിവാദങ്ങള്‍ നീറ്റിന്റെ ഫലത്തോടൊപ്പം വന്നു. ഒരു മാര്‍ക്ക് മാറിയാല്‍ ഏറെ പിന്നിലോട്ട് പോകുന്ന പരീക്ഷയില്‍ ഇനി ഭാവി എന്താകുമെന്ന് കൂട്ടികിഴിച്ച് വിദ്യാര്‍ത്ഥികള്‍ ദിനമെണ്ണിയിരിക്കുന്നു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പടെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിനെ ബന്ധപ്പെടുത്തിയുള്ള വിവാദങ്ങള്‍ പുതിയ തലത്തിലേക്കാണ നീങ്ങുന്നത്. ബീഹാറില്‍ നീറ്റ് പരീക്ഷയില്‍ ചോദ്യപ്പേര്‍ ചോര്‍ന്നെന്ന ആരോപണം എത്തി നില്‍ക്കുന്നത് കുപ്രിസിദ്ധമായ സോള്‍വര്‍ ഗ്യാങിലേക്ക്. രാജ്യവ്യാപകമായി മത്സരപരീക്ഷകളില്‍ ഉള്‍പ്പടെ വന്‍ ക്രമക്കേടുകള്‍ നടത്തുന്നതും വലിയ ശൃംഖലയുളളതുമായ ‘സോള്‍വര്‍ ഗ്യാങ്ങിന്റെ’ തലവനായ രവി അത്രിയുടെ നേതൃത്വത്തിലാണ് പരീക്ഷ തട്ടിപ്പ് നടത്തിയതെന്ന് ബീഹാര്‍ പൊലീസ് കണ്ടെത്തി. ബീഹാറില്‍ പേപ്പര്‍ ചോര്‍ന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മേയില്‍ നടന്ന നീറ്റ്-യുജി പരീക്ഷകള്‍ റദ്ദാക്കേണ്ടി വന്നു. മെയ് 5-ന് നടന്ന നീറ്റ്-യുജി 2024 പരീക്ഷയില്‍ 67 വിദ്യാര്‍ത്ഥികള്‍ 720 എന്ന മികച്ച സ്‌കോര്‍ നേടിയതോടെയാണ് നീറ്റ് പരീക്ഷ ക്രമക്കേട് ആരോപണം ഉയര്‍ന്നത്. തുടക്കത്തില്‍, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നല്‍കിയ ഒരു തെറ്റായ ചോദ്യവും അതിനു നല്‍കിയ ഗ്രേസ് മാര്‍ക്കുമാണ് ഒന്നാം റാങ്കുകാര്‍ കൂടാന്‍ കാരണം. ബീഹാര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു പരീക്ഷ പേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തി, ഇത് വ്യാപകമായ വിദ്യാര്‍ത്ഥി രോഷത്തിനും സമര പരമ്പരകള്‍ക്കും തുടക്കമിട്ടു. ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവം ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പരാതികള്‍ ഉന്നയിച്ചു. ബീഹാര്‍ മോഡലില്‍ രാജ്യത്താകമാനം പലയിടങ്ങളിലും ചോദ്യ പേപ്പര്‍ ചോര്‍ന്നതായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സംശയം പ്രകടിപ്പിച്ചു. മൂന്നാം മോദി സര്‍ക്കാരിന്റെ തുടക്ക സമയത്തു തന്നെ രാജ്യം ഞെട്ടിയ ചോദ്യപേപ്പര്‍ ചോര്‍ച്ച കഥ വന്നതോടെ എന്‍ടിഎയും അതുപോലെ കേന്ദ്ര സര്‍ക്കാരും പ്രതിക്കൂട്ടിലായി.

സോള്‍വര്‍ ഗ്യാങ്

മത്സര പരീക്ഷകളില്‍ തട്ടിപ്പ് നടത്തി കുപ്രസിദ്ധിയാര്‍ജിച്ച് ക്രിമിനല്‍ സംഘമാണ് ഈ സോള്‍വര്‍ ഗ്യാങ്ങ്. രവി അത്രിയെന്ന അധോലോക ബന്ധമുള്ള കുറ്റവാളിയാണ് സോള്‍വര്‍ ഗ്യാങ്ങിന്റെ ബുദ്ധി കേന്ദ്രം. രാജ്യമൊട്ടാകെ വ്യാപിച്ചു കിടക്കുന്ന വലിയൊരു റാക്കറ്റിന്റെ പ്രധാന പ്രവര്‍ത്തന മേഖല ഉത്തരേന്ത്യയാണ്. മത്സര പരീക്ഷകള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെന്ന എന്‍ടിഎയ്ക്കു കീഴില്‍ വന്നതോടെ സോള്‍വര്‍ ഗ്യാങ് അവരുടെ പ്രവര്‍ത്തനം വിപുലീകരിച്ചു. എന്‍ടിഎയിലെ ചില ഉദ്യോഗസ്ഥരെയും, സംസ്ഥാനങ്ങളില്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും ഇവര്‍ ആളുകളെ തെരഞ്ഞടുക്കുകയും ലക്ഷക്കണക്കന് രൂപ വാഗ്ദാനം ചെയ്തു. ഇങ്ങനെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു ക്രിമിനല്‍ ഗ്യാങ്ങും അവരെ നയിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും രവി അത്രിയടക്കമുളളവര്‍ ഒരു സിന്‍ഡിക്കേറ്റ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും ഇവരുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഉത്തരങ്ങള്‍ മുഴുവന്‍ നല്‍കി ചോദ്യപേപ്പറുകള്‍ വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. ഇതിനായി രാജ്യത്താകമാനം വലിയൊരു ശ്യംഖല പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പണം നല്‍കി അവര്‍ക്ക് പകരം പരീക്ഷ എഴുതുന്ന ഒരു പ്രോക്‌സിയായ ‘മുന്നാഭായ്’ നേടാനുള്ള ഓപ്ഷനും സംഘം വാഗ്ദാനം ചെയ്തു. ‘മുന്നാഭായ്’ ഉയര്‍ന്ന സ്‌കോര്‍ നേടുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പു നല്‍കുന്നു. ഉറപ്പാക്കിയ വിജയത്തിനായി വലിയ വില നല്‍കാന്‍ തയ്യാറുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പേപ്പറുകള്‍ നല്‍കുന്നു. മുന്‍പ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കാളിയായി കുപ്രസിദ്ധനായ അത്രി, വിവിധ സംസ്ഥാനങ്ങളില്‍ പൊലീസിന്റെ കണ്ണില്‍പെടാതെ പ്രവര്‍ത്തിച്ചു.

ചോര്‍ച്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ രാജ്യവ്യാപക പ്രതിഷേധത്തിനിടയില്‍ ഗ്രേറ്റര്‍ നോയിഡയിലെ നീംക ഗ്രാമത്തില്‍ നിന്നുള്ള അത്രിയെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) പിടികൂടി. വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ സംഭവങ്ങളില്‍ പങ്കാളിയായ ചരിത്രമുള്ള രവി അത്രി ഇത്തരം വിവാദങ്ങളില്‍ പുതിയ ആളല്ല. അത്രിയുടെ പ്രവര്‍ത്തനങ്ങളെ ചുറ്റിപ്പറ്റി വര്‍ഷങ്ങളായി സംശയം നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ്. 2012ല്‍ മെഡിക്കല്‍ പ്രവേശന പരീക്ഷാ പേപ്പറുകള്‍ ചോര്‍ത്തിയെന്ന സംശയത്തില്‍ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതോടെയാണ് അദ്ദേഹം ആദ്യമായി കുപ്രസിദ്ധി നേടിയത്. അതിന് ശേഷം ഇയാള്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

2007ല്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ രവി അത്രിയെ മാതാപിതാക്കള്‍ രാജസ്ഥാനിലെ കോട്ടയിലേക്ക് അയച്ചു. വര്‍ഷങ്ങളുടെ തയ്യാറെടുപ്പിന് ശേഷം, 2012-ല്‍ പരീക്ഷ പാസായ അദ്ദേഹം പിജിഐ റോഹ്തക്കില്‍ പ്രവേശനം നേടി. എന്നാല്‍ നാലാം വര്‍ഷത്തില്‍ അദ്ദേഹം പഠനം ഉപേക്ഷിച്ചു, അപ്പോഴേക്കും പരീക്ഷാ മാഫിയയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും മറ്റ് ഉദ്യോഗാര്‍ത്ഥികളുടെ പ്രോക്‌സിയായി ഇരിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറയുന്നു. ചോര്‍ന്ന പേപ്പറുകള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിക്കാന്‍ തുടങ്ങി.