സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരായി മാധ്യമപ്രവര്‍ത്തകനായ ഡോ.സോണിച്ചന്‍ പി.ജോസഫ്, ഡോ. എം.ശ്രീകുമാര്‍, അഡ്വ. ടി.കെ.രാമകൃഷ്ണന്‍ എന്നിവരെ നിയമിച്ചു. ഇതു സംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. കഴിഞ്ഞ ജനുവരിയില്‍ സമര്‍പ്പിച്ച ഫയലില്‍ ഗവര്‍ണര്‍ ഇന്നലെയാണ് ഒപ്പിട്ടത്. ഇനി സര്‍ക്കാര്‍ ഉത്തരവിറക്കുക എന്ന ഔപചാരിക നടപടിക്രമം മാത്രമേ ബാക്കിയുള്ളൂ. സര്‍ക്കാരുമായി പല വിഷയങ്ങളിലും ഇടഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പല ഫയലുകളും പിടിച്ചുവച്ച ഘട്ടത്തിലാണ് വിവരാവകാശ കമ്മിഷണറുടെ നിയമനവും പ്രതിസന്ധിയിലായത്. നിയമസഭ പാസാക്കിയ ബില്ലകള്‍ ഉള്‍പ്പെടെ ആയിരുന്നു ഇങ്ങനെ ഗവര്‍ണര്‍ പിടിച്ചുവെച്ചത്. ഇതിന്റെ പേരില്‍ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയപ്പോള്‍ ഏഴ് ബില്ലുകള്‍ അദ്ദേഹം രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുകയാണ് ചെയ്തത്.
മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ ചീഫ് സബ് എഡിറ്ററായി പ്രവര്‍ത്തിക്കുന്ന ഡോ.സോണിച്ചന്‍ പി.ജോസഫ് കോട്ടയം പാലാ സ്വദേശിയാണ്. ‘സ്റ്റേറ്റ്‌സ്മാന്‍’ ദേശീയ മാധ്യമ പുരസ്‌കാരം 3 തവണ നേടിയിട്ടുള്ള അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് കൂടിയാണ്. സിപിഎം നോമിനിയായ എം.ശ്രീകുമാര്‍ കൊല്ലം സ്വദേശിയാണ്. മഞ്ചേരി, ചേര്‍ത്തല, കൊട്ടിയം എന്‍എസ്എസ് കോളജുകളിലെ മുന്‍ അധ്യാപകനും കേരള സര്‍വ കലാശാല സിന്‍ഡിക്കറ്റിലെയും അക്കാദമിക് കൗണ്‍സിലിലെയും മുന്‍ അംഗവും കോളജ് അധ്യാപക സംഘടനയായ എകെപിസിടിഎയുടെ മുന്‍ വൈസ് പ്രസിഡന്റുമാണ്. സിപിഐ നോമിനിയായ ടി. കെ.രാമകൃഷ്ണന്‍ തൃശൂര്‍ കേരളവര്‍മ കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയും കോഴിക്കോട് സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗവുമായിരുന്നു. പത്രപ്രവര്‍ത്തകനായിരുന്ന അദ്ദേഹം കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റായിരുന്നു. ഇപ്പോള്‍ കോഴിക്കോട് ബാറിലെ അഭിഭാഷകനായ അദ്ദേഹം കോഴിക്കോട് കോട്ടൂളി സ്വദേശി. മൂന്ന് വര്‍ഷമാണു കമ്മിഷണറുടെ കാലാവധി. ഗവ.സെക്രട്ടറി റാങ്കിലാണു നിയമനം. ഡോ.എ.അബ്ദുല്‍ ഹക്കിം, ഡോ.കെ.എം.ദിലീപ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഒഴിഞ്ഞു കിടക്കുന്ന മറ്റ് മൂന്ന് തസ്തികകളിലേക്കുള്ള നിയമനമാണ് ഇനി നടക്കുന്നത്. സംസ്ഥാന നിയമ സെക്രട്ടറിയായിരുന്ന ഹരി പി.നായരാണ് നിലവില്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍.
















