തിരുവനന്തപുരം: മന്ത്രി ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പിണക്കം മറന്ന് ഒന്നിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. സത്യപ്രതിജ്ഞയ്ക്ക് ശേഷമുണ്ടായിരുന്ന ചായ സത്കാരത്തിൽ മുഖ്യമന്ത്രിയും ഗവർണറും കൈകൊടുത്തു. ഗവർണർ ഒരുക്കിയ ചായ സത്കാരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു.
കഴിഞ്ഞ തവണ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഗവർണർ ഒരുക്കിയ ചായ സത്കാരത്തിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നിരുന്നു. മന്ത്രി കെബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജ്ഭവനിൽ നടന്ന ചായ സത്കാരത്തിൽ നിന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നത് വലിയ ചർച്ചയായിരുന്നു.
സർക്കാർ – ഗവർണർ പോരിന്റെ തുടർച്ചയെന്നോണമായിരുന്നു അന്ന് ഇത് വിലയിരുത്തപ്പെട്ടത്. അന്ന് മുഖ്യമന്ത്രിയും ഗവർണറും മുഖാമുഖം നോക്കാതെ പരസ്പരം അഭിവാദ്യം ചെയ്യാതെയായിരുന്നു ചടങ്ങിൽ പങ്കെുടത്തത്. ഏഴ് മിനിറ്റോളം നീണ്ടും നിന്ന ചടങ്ങിൽ, പരസ്പരം നോക്കുക പോലും ചെയ്തില്ലെന്ന് മാത്രമല്ല ഇരുവരുടേയും ശരീര ഭാഷയിൽ തന്നെ അന്ന് അകല്ച വ്യക്തമായിരുന്നു.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും മറ്റ് മന്ത്രിമാരുടേയും സാന്നിധ്യത്തിലാണ് ഒ ആര് കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. കെ രാധാകൃഷ്ണന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് എംപിയായ പശ്ചാത്തലത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമവകുപ്പാണ് ഒ ആര് കേളുവിന് ലഭിച്ചിരിക്കുന്നത്.