തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി പ്രശ്നത്തിൽ പരിഹാരം കാണുമെന്ന് മന്ത്രി ഒ.ആർ. കേളു. വന്യജീവി ആക്രമണത്തിൽ സർക്കാർ ഇടപെടൽ മുമ്പ് തന്നെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പട്ടിക ജാതി-പട്ടിക വർഗ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ സർക്കാർ ഇടപെടൽ മുൻപ് തന്നെ ഉണ്ടായിട്ടുണ്ട്. വയനാട്ടിലെ എംഎൽഎമാരും എംപിയുമായി കൂടിയാലോചിക്കും. മന്ത്രിക്ക് മാത്രം വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ലെന്നും എല്ലാവരും ഒരുമിച്ചുചേർന്നുകൊണ്ട് പരിഹാരമുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയാകുന്നതിന് മുമ്പ് തന്നെ വയനാട്ടിലെ വിഷയങ്ങളിൽ ഇടപെടുന്നുണ്ട്. പല വിഷയങ്ങളിലും സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ഒറ്റക്ക് ഒരു മന്ത്രിവിചാരിച്ചാൽ നടക്കില്ല. കേന്ദ്ര- സംസ്ഥാന സർക്കാരുകളും എം.പി, എം.എൽ.എമാരടക്കമുള്ളവർ ഒന്നിച്ച് നിന്നാൽ മാത്രമേ വന്യമൃഗപ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേമപദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാൻ മുൻഗണന നൽകും. സഭ കഴിഞ്ഞ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. സർക്കാർ നയത്തിന് അനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കെ രാധാകൃഷ്ണൻ ഒടുവിലായി പുറത്തിറക്കിയ ‘കോളനി’ ഉത്തരവിന്റെ നിയമവശങ്ങൾ പരിശോധിക്കും. ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കുമെന്നും ഒ ആർ കേളു അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷം പങ്കെടുത്തതിൽ സന്തോഷമുണ്ടെന്നും മന്ത്രി ഒ.ആർ. കേളു വ്യക്തമാക്കി.
രാജ് ഭവനിൽ നടന്ന ചടങ്ങിലാണ് മാനന്തവാടി എം.എൽ.എയായ ഒ.ആർ. കേളു സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടാം പിണറായി സർക്കാറിൽ പട്ടിക ജാതി -പട്ടിക വർഗ ക്ഷേമ വകുപ്പിന്റെ ചുമതലയാണ് കേളുവിനുള്ളത്.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് മാനന്തവാടി എംഎൽഎയായ ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭാ സ്പീക്കർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു. കേരള മന്ത്രിസഭയുടെ ചരിത്രത്തിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെ മന്ത്രിയാണ് അദ്ദേഹം.