ന്യൂമാഹി: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തി. ന്യൂമാഹി പെരിങ്ങാടിയിലെ റോഡരുകിൽ നിന്നാണ് ബോംബ് കണ്ടെത്തിയത്. ഇന്നലെ കൂത്തുപറമ്പിൽ നിന്നും രണ്ട് സ്റ്റീൽ ബേംബുകൾ കണ്ടെത്തിയിരുന്നു.
ആളൊഴിഞ്ഞ പറമ്പിൽ നിന്നായിരുന്നു ഇന്നലെ ബോംബുകൾ കണ്ടെത്തിയിരുന്നു. എരഞ്ഞോളിയിൽ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ തെരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്.
ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ എടുക്കുന്നതിനിടയിൽ എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് 85കാരൻ ചൊവ്വാഴ്ച കൊല്ലപ്പെട്ടിരുന്നു.
തുടർന്ന് കതിരൂർ, പാനൂർ, ന്യൂമാഹി, ധർമടം, തലശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. അതത് സ്റ്റേഷൻ പരിധികളിലെ ആളൊഴിഞ്ഞ വീടുകൾ, പറമ്പുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്.
അതേസമയം, പാനൂർ ചെണ്ടയാട് ബോംബ് സ്ഫോടനമുണ്ടായി. കണ്ടോത്തുംചാൽ വലിയറമ്പത്ത് മുക്കിൽ ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് ഉഗ്രസ്ഫോടനം നടന്നത്. റോഡിന്റെ നടുവിൽ കെട്ട് ബോംബ് എറിഞ്ഞ് ഭീതി പരത്തുകയായിരുന്നു.
മാസങ്ങൾക്ക് മുൻപ് കണ്ടോത്തുംചാൽ നടേമ്മൽ കനാൽ പരിസരത്ത് വീട്ടമ്മയുടെ വീടിന്റെ മതിലിൽ രണ്ട് പ്രാവശ്യം ബോംബ് ഏറ് നടന്നിരുന്നു. ഈ കേസിൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനിടെയാണ് തൊട്ടടുത്ത പ്രദേശത്ത് പകൽ സമയത്ത് സ്ഫോടനം നടന്നത്.
സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്ന് പുത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. പി വിജീഷ് ആവശ്യപ്പെട്ടു. ജെ.ബി.എം ജില്ല ചെയർമാൻ സി വി എ ജലീൽ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ടി പി മുസ്തഫ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു. പാനൂർ സി ഐ, എസ് എച്ച് ഒ എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.